heavy-rain

കോയമ്പത്തൂർ: തമിഴ്നാട്ടിൽ ശക്തമായ മഴയിൽ മരണം 25 കവിഞ്ഞു. മേട്ടുപ്പാളയത്ത് നാഡൂർ ഗ്രാമത്തിൽ മഴയിൽ മതിലിടിഞ്ഞ് വീടുകൾ തകർന്ന് 17 പേർ മരിച്ചു. നാലുവീടുകൾ തകർന്നു. 1000ത്തോളം പേർ ദുരിതാശ്വാസ ക്യാമ്പിലാണ്. മേട്ടുപ്പാളയത്തിൽ നിന്ന് ഊട്ടിയിലേക്കുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. ആറ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മേട്ടുപ്പാളയത്ത് മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനി സാമിയുടെ അദ്ധ്യക്ഷതയിൽ സ്ഥിതിഗതികൾ വിലയിരുത്താൻ യോഗം ചേർന്നു.

ചെന്നൈ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ 2 ദിവസമായി ശക്തമായ മഴ തുടരുകയാണ്.

മേട്ടുപ്പാളയത്തിനടത്ത് നാഡൂരിൽ എഡി കോളനിയിൽ ഇന്നലെ പുലർച്ചെ 5.30ഓടെ ആറരയടി ഉയരമുള്ള കരിങ്കൽ മതിൽ വീടുകൾക്ക് മേൽ ഇടിഞ്ഞുവീഴുകയായിരുന്നു.

ഗുരു (45), രാമനാഥ് (20), അനന്ദകുമാർ (40), ഹരിസുധ (16), ശിവകാമി (45), ഓവിയമ്മാൾ (50), നാദിയ (30), വൈദേഗി (20), തിലഗവതി (50), അറുകാണി (55), രുക്കുമണി (40), നിവേത (18), ചിന്നമ്മാൾ (70), അക്ഷയ (7), ലോഗുറാം (7) എന്നിവരാണ് മരിച്ചത്. രണ്ടു പേരുടെ പേരുകൾ ലഭ്യമായിട്ടില്ല. കൂടുതൽ പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. തെരച്ചിൽ തുടരുകയാണ്.

ചെന്നൈ ഉൾപ്പെടെ 14 ജില്ലകളിലെ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മദ്രാസ്, അണ്ണാ സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഊട്ടിയിൽ മണ്ണിടിച്ചിൽ വ്യാപകമായതിനാൽ പർവത തീവണ്ടി സർവീസ് മൂന്നു ദിവസത്തേക്ക് നിറുത്തിവച്ചു. രണ്ടു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 ചെന്നൈ വെള്ളത്തിൽ

ചെന്നൈ നഗരത്തിലെ മുടിചൂർ, താമ്പ്രം, പള്ളിക്കരണി, മേട വാക്കം, മടിപ്പാക്കം, ആദമ്പാക്കം മേഖലകളിലെ രണ്ടായിരത്തോളം വീടുകളിൽ വെള്ളം കയറി. ചെമ്പരമ്പാക്കം, മധുരാന്തകം നദികൾ കരകവിഞ്ഞ് ഒഴുകിയതിനാലാണിത്. ഇവിടങ്ങളിലെ കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 176 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആവശ്യം വന്നാൽ ഉപയോഗിക്കുന്നതിന് ബോട്ടുകളും വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് 630 പമ്പുകളും ശുചീകരണ യന്ത്രങ്ങളും തയ്യാറാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

 2015ലെ പ്രളയത്തിന് ശേഷം തമിഴ്നാട്ടിൽ ആദ്യമായാണ് ശക്തമായ മഴ ലഭിക്കുന്നത്.

 തിരുവണ്ണാമലൈ, വെല്ലൂർ, രാമനാഥപുരം, തിരുനെൽവേലി, തൂത്തുക്കുടി, തിരുവള്ളൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

 ചെന്നൈ ഉൾപ്പെടെയുള്ള ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

 തൂത്തുക്കുടി ജില്ലയിലെ സാത്താളത്താണ് കൂടുതൽ മഴ ഇതുവരെ രേഖപ്പെടുത്തിയത്, 19 സെന്റിമീറ്റർ.

 കടലൂർ ജില്ലയിലെ കുറിഞ്ചിപ്പാടിയാണ് രണ്ടാം സ്ഥാനത്ത്, 17 സെന്റിമീറ്റർ.