ന്യൂഡൽഹി : ദേശീയ പൗരത്വ രജിസ്ട്രേഷൻ നടപ്പാക്കുന്നതിന് സമയപരിധി നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2024ൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുമ്പ് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി.
പശ്ചിമ ബംഗാളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്കേറ്റ തിരിച്ചടിക്ക് കാരമം പൗരത്വ രജിസ്റ്റർ ആണെന്ന് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കൾ ആരോപിച്ചതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രഖ്യാപനം. ജാർഖണ്ഡിൽ നടത്ത തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ 2024 ലെ തിരഞ്ഞെടുപ്പിന് മുമ്പ് എൻ.ആ.ർസി രാജ്യത്തുടനീളം നടത്തുമെന്നും അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞ് പുറത്താക്കുമെന്നും ഞാൻ പറയാൻ ആഗ്രഹിക്കുന്നു. അവരെ പുറത്താക്കരുതെന്ന് രാഹുൽ ബാബ ( രാഹുൽ ഗാന്ധി) പറയുന്നു. അവർ എവിടെ പോകും, അവർ എന്ത് കഴിക്കും? എന്നാൽ 2024 ൽ രാജ്യം തിരഞ്ഞെടുപ്പിന് പോകുന്നതിനുമുമ്പ് അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു. അമിത് ഷാ പറഞ്ഞു.
പ്രാദേശിക വിഷയങ്ങൾക്കൊപ്പം തീവ്രവാദത്തെയും നക്സലിസത്തെയും ഉൻൂലനം ചെയ്യുക, അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം എന്നിവയു ജാർഘണ്ഡ് തിരഞ്ഞെടുപ്പിലെ പ്രചാരണ വിഷയങ്ങളാണെന്ന് അമിത് ഷാ വ്യക്തമാക്കി.