കോട്ടയം: മലയാള സിനിമയിലെ നല്ലൊരു ഭാഗവും ക്രിമിനലുകൾ കൈയടക്കിയതായി മന്ത്രി ജി. സുധാകരൻ. പണശേഖരണം, നിർമ്മാണം, അഭിനയം, സംവിധാനം, സാങ്കേതിക മേഖല എന്നിവിടങ്ങളിലെല്ലാം ക്രിമിനലുകൾ കടന്നു കയറി. സിനിമയിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ ക്രിമിനൽവത്കരണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യ പ്രസാധക സഹകരണ സംഘത്തിന്റെ പുസ്‌തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അമാനുഷികവത്കരണമാണ് ഇപ്പോൾ നടക്കുന്നത്. സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയാൽ ജാട പിടിപെടുകയാണ്. മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും എല്ലാം സമൂഹത്തിൽ ഒരു സ്ഥാനമുണ്ട്. ആ സ്ഥാനം മാത്രമാണ് സിനിമാക്കാർക്കുമുള്ളത്. തങ്ങൾക്ക് അതിനു മുകളിലുള്ള ഒരു സ്ഥാനമുണ്ടെന്ന അതിമാനുഷികമായ പെരുമാറ്റമാണ് ചില സിനിമാക്കാർക്കുള്ളത്. എന്നാൽ, ഇതൊന്നും ബാധിക്കാത്ത യുഗപുരുഷനാണ് അടൂർ ഗോപാലകൃഷ്‌ണനെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ മന്ത്രി ജി. സുധാകരന്റെ ഉന്നതങ്ങളിലെ പൊള്ളമനുഷ്യൻ, അറേബ്യൻ പണിക്കാർ എന്നീ കവിതാ സമാഹാരങ്ങൾ അടൂർ ഗോപാലകൃഷ്‌ണൻ പ്രകാശനം ചെയ്‌തു. പായിപ്ര രാധാകൃഷ്‌ണനും ഡോ. ബാബു ചെറിയാനും ഏറ്റുവാങ്ങി. സാഹിത്യ പ്രവർത്തക സഹകരണ സംഘം എഡിറ്റർ ഡോ. മുഞ്ഞനാട് പത്മകുമാർ പുസ്‌തകം പരിചയപ്പെടുത്തി. എസ്.പി.സി.എസ് ഭരണസമിതിയംഗം ബി. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ മുഖ്യപ്രഭാഷണം നടത്തി. എസ്.പി.സി.എസ് ഭരണസമിതിയംഗം പൊൻകുന്നം സെയ്‌ത്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ. കെ.ആർ. ചന്ദ്രമോഹൻ, ജോയിന്റ് രജിസ്ട്രാർ ജനറൽ വി. പ്രസന്നകുമാർ, ജോയിന്റ് രജിസ്ട്രാർ ആഡിറ്റ് എൻ. പ്രദീപ്കുമാർ, എസ്.പി.സി.എസ് സെക്രട്ടറി അജിത് കെ. ശ്രീധർ എന്നിവർ പ്രസംഗിച്ചു.