amit-shah

റാഞ്ചി: അനധികൃത കുടിയേറ്റക്കാരെ 5 വർഷത്തിനകം പുറത്താക്കുമെന്ന് അമിത്ഷാ.

'2024ലെ തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യമെമ്പാടും ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) നടപ്പാക്കും. ഓരോ അനധികൃത കുടിയേറ്റക്കാരനെയും തിരിച്ചറിഞ്ഞ് പുറത്താക്കും. രാഹുൽ ബാബ (രാഹുൽ ഗാന്ധി) പറയുന്നത് അവരെ പുറത്താക്കരുതെന്നാണ്. അവരെവിടെപ്പോകും, അവരെങ്ങനെ ആഹാരം കഴിക്കും എന്നൊക്കെയാണ് അദ്ദേഹം ചോദിക്കുന്നത്. അവരെന്താ രാഹുലിന്റെ ബന്ധുക്കളാണോ?'- ജാർഖണ്ഡിലെ ചക്രധർപുറിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ അമിത്ഷാ പറഞ്ഞു.

തീവ്രവാദത്തെയും നക്സൽവാദത്തെയും പിഴുതുകളയുക, അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുക എന്നിവയെല്ലാം ജാർഖണ്ഡിലെ തിരഞ്ഞെടുപ്പ് വിഷയങ്ങളാണ്. ജാർഖണ്ഡ് മുക്തി മോർച്ചയെയും കോൺഗ്രസിനെയും രാഷ്ട്രീയ ജനതാ ദളിനെയും അമിത് ഷാ വിമർശിച്ചു. ബി.ജെ.പിയെ പുറത്താക്കാമെന്ന് പ്രതിപക്ഷ സഖ്യം മോഹിക്കേണ്ട. 55 വർഷത്തെ ഭരണം കൊണ്ട് കോൺഗ്രസ് ജാർഖണ്ഡിനു എന്താണ് നൽകിയതെന്നും അമിത് ഷാ ചോദിച്ചു.