k-surendran

തിരുവനന്തപുരം: വിശപ്പ് സഹിക്കാൻ പറ്റാതെ കുഞ്ഞുങ്ങളെ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവത്തിൽ സർ‌ക്കാരിനെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. 'മണ്ണുതിന്നുന്ന നമ്പർവൺ കേരളം, മണ്ണിന്റെ മക്കളെന്നു പറയുന്ന മണ്ണുണ്ണികളുടെ ഭരണമായതുകൊണ്ട് മിണ്ടിപ്പോകരുത്. മുഖ്യമണ്ണുണ്ണിക്ക് പറക്കാൻ ഇനി മണ്ണുപറത്തിപ്പായുന്ന ഹെലികോപ്‌റ്റർ ഉണ്ടല്ലോ എന്ന് എല്ലാ സൈബർ മണ്ണുണ്ണികൾക്കും വീരസ്യം പറയുകയുമാവാം'- സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം കൈതമുക്കിൽ റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന സ്ത്രീയാണ് പട്ടിണി സഹിക്കാനാവാതെ മക്കളെ ശിശുക്ഷേമ സമിതിയിൽ സംരക്ഷണത്തിനായി എൽപ്പിച്ചത്. ഇവരുടെ ആറുമക്കളിൽ നാലുപേരെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. വിശപ്പ് സഹിക്കാൻ കഴിയാതെ ഇവരുടെ ഒരു കുട്ടി മണ്ണ് തിന്ന് വിശപ്പടക്കിയതായി ശിശുക്ഷേമ സമിതിക്ക് നൽകിയ അപേക്ഷയിൽ അമ്മ പറയുന്നു. ടാർപോളിൻ കെട്ടി മറച്ച കുടിലിലാണ് അമ്മയും ആറു കുട്ടികളും സ്ത്രീയുടെ ഭർത്താവും കഴിയുന്നത്.. ഭർത്താവ് കൂലിപ്പണിയെടുത്ത് ലഭിക്കുന്ന വരുമാനത്തിലാണ് ഈ കുടുംബം കഴിയുന്നത്. എന്നാൽ ഇയാൾ മദ്യപിച്ച് വന്ന് കൂട്ടികളെ മർദ്ദിക്കാറുമുണ്ടെന്ന് പരാതിയിലുണ്ട്.

മൂന്നുമാസം പ്രായമുള്ളതും ഒന്നര വയസു പ്രായമുള്ളതുമായ രണ്ട് കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയിട്ടില്ല. ഇവരെയും നോക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ ഈ കുട്ടികളേക്കൂടി ശിശുക്ഷേമ സമിതി ഏറ്റെടുക്കും.