lal

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സംവിധായക കൂട്ടുകെട്ടാണ് സിദ്ധിക്ക് -ലാൽ. പിന്നീട് ഈ സൂപ്പർഹിറ്റ് ജോഡി വേർപിരിഞ്ഞു. വർഷങ്ങൾക്ക് ശേഷം കിംഗ് ലയർ എന്ന ദിലീപ് ചിത്രത്തിലാണ് അവർ അവസാനമായി ഒന്നിച്ചത്..അതേസമയം സിദ്ധിക്കിനൊപ്പം ഇനിയൊരു സിനിമ ഉണ്ടാകില്ലെന്ന് നടനും സംവിധായകനുമായ ലാൽ പറയുന്നു..

ഞങ്ങൾ തമ്മിലുള്ള അകലം ഇപ്പോൾ വളരെ വലുതാണെന്ന് ലാൽ വ്യക്തമാക്കുന്നു. സിദ്ധിക്കും ഞാനും ദിവസവും കാണുന്ന ആളുകൾ വേറെ, സംസാരിക്കുന്ന വിഷയങ്ങൾ വേറെ. പണ്ട് ഉണ്ടായിരുന്ന കെമിസ്ട്രി എവിടെയോ നഷ്ടമായിരിക്കുന്നു. രണ്ട് പേരും അവസാനം ഒന്നിച്ച് പ്രവർത്തിച്ച കിങ് ലയർ എന്ന സിനിമയോടെ ഇക്കാര്യം കൂടുതൽ ബോധ്യപ്പെട്ടെന്നും ലാൽ വ്യക്തമാക്കി.

രണ്ട് വർഷം ഒരുമിച്ച് ഇരുന്നാൽ പോലും റാം ജി റാവു സ്പീക്കിംഗ്, ഗോഡ് ഫാദർ തുടങ്ങിയ സിനിമകൾ ഇനി സാദ്ധ്യമാവുമെന്ന് തോന്നുന്നില്ല.പണ്ട് തങ്ങൾക്കിടയിൽ പരസ്പര ബഹുമാനമായിരുന്നില്ല, സൗഹൃദമായിരുന്നു. ആ സ്വാതന്ത്ര്യം ഇന്നില്ല, സംസാരിക്കുന്നത് പോലും തേച്ച് മിനുക്കിയ ഭാഷയിലാണ്. അതൊരു വലിയ മാറ്റമാണ്. തമ്മിൽ കാണാറുള്ളത് വല്ല വിവാഹ ചടങ്ങുകള്‍ പോലുള്ളവയിൽ മാത്രമായി മാറിയെന്നും ലാൽ പറഞ്ഞു.

റാംജി റാവ് സ്പീക്കിംഗ്, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല, കിംഗ് ലയർ എന്നീ ചിത്രങ്ങളാണ് സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്നത്.