sarath-pawar

മുംബയ്: മഹാരാഷ്ട്രയിൽലെ നീണ്ട രാഷ്ട്രീയ പ്രതിസന്ധികൾക്ക് ശേഷം പുതിയ വെളിപ്പെടുത്തലുമായി എൻ.സി.പി നേതാവ് ശരദ് പവാർ. ബി.ജെ.പിയുമായി ചേർന്ന് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്ന് ശരദ് പവാർ പറഞ്ഞു. മറാത്തി ചാനലിന് നൽകിയ അഭിമുഖത്തിലാണ് പവാർ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒന്നിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടെന്നും എന്നാൽ അതിന് സാധിച്ചില്ലെന്ന് താൻ മറുപടി പറഞ്ഞതായും പവാർ വ്യക്തമാക്കി.

പ്രധാനമന്ത്രിയുമായുള്ള വ്യക്തബന്ധം മികച്ചതാണ്. അതങ്ങനെ തന്നെ തുടരും. എന്നാൽ തന്നെ രാഷ്ട്രപതിയാക്കാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തുവെന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ മകളും എൻ.സി.പി എം.പിയുമായ സുപ്രിയ സുലേയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനം നൽകാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം നൽകിയിരുന്നതായും പവാർ പറഞ്ഞു. എന്നാൽ എപ്പോഴാണ് മോദി ആവശ്യപ്പെട്ടതെന്ന് പവാർ വ്യക്തമാക്കിയിട്ടില്ല.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ മോദിയും പവാറും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചക്കിടെയാണ് മോദി ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാൻ ശരദ് പവാറിനോട് ആവശ്യപ്പെട്ടതെന്നാണ് സൂചന. രാജ്യസഭയിൽ വെച്ച് മോദി എൻ.സി.പിയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. പാർലമെന്റ് നടപടികളോട് സഹകരിക്കുന്ന പാർട്ടിയാണ് എൻ.സി.പിയെന്നും മറ്റ് പാർട്ടികൾക്ക് എൻ.സി.പിയിൽനിന്ന് ഏറെ പഠിക്കാനുണ്ടെന്നുമാണ് പ്രധാനമന്ത്രി അന്ന് പറഞ്ഞത്.