sister-

കൊച്ചി: വിവാദമായ സിസ്റ്റർ ലൂസി കളപ്പുരയുടെ കർത്താവിന്റെ നാമത്തിൽ എന്ന പുസ്തകത്തിൽ നിന്നുള്ള കൂടുതൽ ഭാഗങ്ങൾ പുറത്ത്. സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി ശേഖരിക്കുന്ന പണം ഉപയോഗിച്ചു കെട്ടിയുയർത്തുന്ന രമ്യഹർമ്യങ്ങളും ദേവാലയങ്ങളും കാപട്യത്തിന്റെ മുദ്രയാണ് ഒരദ്ധ്യായത്തിൽ സിസ്റ്റർ ലൂസി കളപ്പുര ആരോപിക്കുന്നു.. വിശ്വാസികളിൽനിന്നു കൂദാശകൾക്ക് പണം വാങ്ങി വൈദികർ സഭയുടെ സമ്പത്ത് വർദ്ധിപ്പിക്കുകയാണ്. മരിച്ചടക്ക് പ്രാർ്ഥനകൾ, നൊവേനകൾ, തിരുനാളുകൾ, ഒപ്പീസ്, വെഞ്ചരിപ്പ്, കുർബ്ബാന തുടങ്ങിയ മുഴുവന്‍ ആത്മീയ ചടങ്ങുകൾക്കും പണം സംഭരിക്കുകയാണ് പുരോഹിതരുടെ പ്രധാന സുവിശേഷ വേലയെന്നും പുസ്തകത്തിൽ സിസ്റ്റർ വെളിപ്പെടുത്തുന്നു..


പുരോഹിതരുടെ ദേവാലയ പ്രഭാഷണങ്ങൾ വിശ്വാസികളിൽ വെറുപ്പ് സൃഷ്ടിക്കുന്നതായും പുസ്തകത്തിലുണ്ട്.
നിശയുടെ മറവിൽ കന്യാസ്ത്രീ മഠങ്ങളിലെത്താൻ വൈദികർ ഗൂഢതന്ത്രങ്ങൾ മെനയുന്നതിനുള്ള ഉദാഹരണങ്ങളും അവർ നിരത്തുന്നു. സുഹൃത്തായ കന്യാസ്ത്രീയെ കാണാനെന്ന വ്യാജേന എത്തുന്ന ഇവരുടെ വാസം മഠത്തിലെ സന്ദർശകമുറിയിലായിരിക്കും. ഭക്ഷണമുൾപ്പെടെ എല്ലാം ആഢംബര രീതിയിൽത്തന്നെ ലഭിക്കും. ശേഷം യഥാർത്ഥ കൂട്ടുകാരിയുമൊത്ത് മണിക്കൂറുകൾ നീളുന്ന സുരക്ഷിത രതി. പുലർച്ചെ എഴുന്നേറ്റ് തിരികെ പോവുന്നതിനു മുൻപ് മദർ സുപ്പീരിയറിനു പരിശുദ്ധാത്മാവിന്റെ ചിത്രം ആലേഖനം ചെയ്ത ഫോട്ടോ ഫ്രെയിം സമ്മാനം നൽകുന്നതോടെ എല്ലാം ശുഭം.


മറ്റുള്ളവരിൽനിന്നു കേട്ടറിഞ്ഞതും നേരിട്ട് പങ്കുവെച്ചതുമായ അനുഭവങ്ങളും പുസ്തകത്തിൽ സിസ്റ്റർ പങ്കുവയ്ക്കുന്നു. മറ്റൊരു സന്ന്യസ്ത സഭയിലെ കന്യാസ്ത്രീയുടെ പ്രത്യക്ഷം ഇതിലൊന്നാണ്. തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള ഒരു സ്ഥാപനത്തിലായിരുന്നു ഇവർക്കു ജോലി. വൈദികരാണ് സഹപ്രവർത്തകർ. കുറച്ചു നാളുകൾക്കുശേഷം കടുത്ത വയറുവേദനയുമായാണ് അവര്‍ പ്രൊവിൻഷ്യൽ ഹൗസിലെത്തിയത്. ആശുപത്രിയിലെത്തിച്ച അവരെ പരിശോധനകൾക്കു ശേഷം ലേബർ റൂമിലേക്കാണ് കൊണ്ടുപോയത്. പ്രസവാനന്തരം കന്യാസ്ത്രീയുടെ ഉത്തരവാദിത്വം സഭ വീട്ടുകാരെ ഏല്പിച്ചു. ഇതിന് ഉത്തരവാദിയായ വൈദികൻ തന്റെ പൗരോഹിത്യ വൃത്തി അനുസ്യൂതം തുടരുകയാണ്.

കന്യാസ്ത്രീകളുടെമേൽ അദൃശ്യമായ ആണധികാരം പുരോഹിതർ പുലർത്തുന്നതിന്റെ തെളിവുകൾ ഏറെയുണ്ടെന്നും ഇവർ പറയുന്നു.


മിണ്ടാവ്രത കാലത്തെ പ്രത്യേക കുമ്പസാരങ്ങളിൽ വൈദികൻ നോവീസിന്റെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചത് വേദനയോടെ ഒരു കന്യാസ്ത്രീ പങ്കുവെച്ചിട്ടുണ്ട്. ആത്മീയ ശുശ്രൂഷാ വേളകളിലും കാമവെറിയോടെയാണ് തന്റെ മുന്നിൽ കുമ്പസരിക്കുന്ന കന്യാസ്ത്രീകളെ പുരോഹിതന്മാരിൽ ചിലർ സമീപിക്കുക.

ആത്മസംഘർഷം ലഘൂകരിക്കുന്നതിനായുള്ള മനഃപ്പരിചരണം കന്യാസ്ത്രീകളിൽ പലർക്കും കുരിശായി മാറുകയാണ് പതിവ്. വൈദികരായ കൗൺസലിംഗ് വിദഗ്ദ്ധർ ഈ സ്ത്രീകളെ നിരന്തരമായി പിന്തുടരുന്ന സാഹചര്യവും ഉണ്ട്.


ഒരു മുതിർന്ന കന്യാസ്ത്രീയോടൊപ്പം പള്ളിമേടയിലെത്തിയ കൊച്ചസഹോദരിക്കു സഹിക്കേണ്ടിവന്നത് അസാധാരണ അനുഭോഗമാണ്. ഒറ്റയ്ക്കുനിന്ന ഈ പെൺകുട്ടിയെ പുരോഹിതൻ പൊക്കിയെടുത്ത് മടിയിൽ കിടത്തി മണിക്കൂറുകളോളം ദർശനസുഖം അനുഭവിച്ചു. കാമം നിറഞ്ഞ അനുഭവത്തിലേക്കാണ് ഇത് തന്നെ നയിച്ചതെന്ന് ഈ പെൺകുട്ടി എന്നോട് പറഞ്ഞിട്ടുണ്ട്.


സെമിനാരിയിൽനിന്നും സ്വവർഗരതിക്കു വിധേയനായി മാനസികമായി തകർന്ന സഹോദരന്റെ കഥയും അനുകമ്പാർഹമാണ്. ഒരു വർഷത്തോളം നിരന്തരമായി അദ്ദേഹത്തിന് ഈ ലൈംഗിക വൈകൃതം സഹിക്കേണ്ടിവന്നു. മാനസികരോഗിയായി വീട്ടിലെത്തിയ അദ്ദേഹം സന്ന്യാസം ഉപേക്ഷിക്കുകയാണ് ചെയ്തത്. മറ്റൊരു വൈദികവിദ്യാർത്ഥിയും സമാന പരാതി മുന്നില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സെമിനാരിയിലെ അധികാരികളിലൊരാളായ വൈദികൻ ഈ കുട്ടിയെ സ്വന്തം മുറിയിൽ സ്വവർഗഗരതിക്കു പ്രേരിപ്പിച്ചു. വിസമ്മതിച്ച ആ സഹോദരനെ ബലം പ്രയോഗിച്ചു കട്ടിലിൽ കെട്ടിയിട്ട് ലൈംഗികത രുചിച്ചു. ഈ അതിക്രമം വീട്ടുകാരുടെ മുന്നിൽഅവതരിപ്പിക്കാനുള്ള ഭയത്തിൽ ഈ ചെറുപ്പക്കാരന്‍ മറ്റൊരു ആശ്രമം തേടി പുറത്തുപോകുകയായിരുന്നു.