തിരുവനന്തപുരം: നഗരഹൃദയത്തിൽ വീണ്ടും പൈപ്പ് ലൈൻ പൊട്ടിയതോടെ കുടിവെള്ളം കിട്ടാതെ ജനം വലഞ്ഞു. പൂജപ്പുര ഡീസന്റ്മുക്ക് പ്രദേശത്തെ ജനങ്ങളാണ് വലഞ്ഞത്. വാട്ടർഅതോറിട്ടി അധികൃതർ പണിതുടങ്ങിയെങ്കിലും ഒന്നിനുപിറകെ ഒന്നായി പൊട്ടലുണ്ടായതോടെ മുടവൻമുകൾ വാർഡിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ജലവിതരണം ഇന്നലെ പൂർണമായും നിലച്ചു.
മുടവൻമുകൾ, കേശവദേവ് റോഡ്, തമലം തുടങ്ങിയ മേഖലകളിലാണ് ജലവിതരണം നിലച്ചത്. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് പൈപ്പ് പൊട്ടിയത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ വാർഡ് കൗൺസിലറെ അറിയിച്ചു. കൗൺസിലർ അറിയിച്ചതിനെ തുടർന്ന് രാവിലെ എട്ടോടെ വാട്ടർ അതോറിട്ടി അധികൃതർ അറ്റകുറ്റപ്പണി തുടങ്ങി. ഉച്ചയോടെ പണി പൂർത്തിയാക്കി ജീവനക്കാർ മടങ്ങുന്നതിനിടെ സമീപത്തായി മറ്റൊരു പൊട്ടലും കണ്ടെത്തി. തുടർന്ന് രാത്രി വൈകിയാണ് ജലവിതരണം പുനഃസ്ഥാപിക്കാനായത്.
പൈപ്പിൽ സമ്മർദ്ദം കൂടിയതാണ് പൊട്ടലിന് കാരണമെന്നാണ് വാട്ടർ അതോറിട്ടി അധികൃതരുടെ നിഗമനം.
ഞായറാഴ്ച ഡീസന്റ്മുക്ക് ജംഗ്ഷനിൽ അപകടഭീഷണിയിലായിരുന്ന ഇലവ് മരം മുറിച്ചിരുന്നു. മരം മുറിക്കുന്നതിനിടെ പൈപ്പ് ലൈനിൽ പൊട്ടലുണ്ടായതാണോയെന്ന് നാട്ടുകാർ സംശയിക്കുന്നു. തൃക്കണ്ണാപുരം വാടാമലയിൽ നിന്നുള്ള ശുദ്ധീകരിച്ച വെള്ളം തമലം കുന്നുബംഗ്ലാവിലെ വാട്ടർ ടാങ്കിലാണെത്തുന്നത്. ഈ ടാങ്കിൽ നിന്നു മുടവൻമുകൾ പ്രദേശത്തേക്ക് ജലം വിതരണം നടത്തുന്ന പ്രധാന പൈപ്പ ്ലൈനാണ് പൊട്ടിയത്. പൈപ്പ് ലൈൻ പൊട്ടിയതോടെ പ്രദേശത്തെ ജനങ്ങൾ വലഞ്ഞെന്ന് കൗൺസിലർ ഗോപകുമാർ പറഞ്ഞു.