ചക്കയുടെ സീസണിൽ നാട്ടിൻപുറങ്ങളിലെ ഒരു പ്രധാന ഭക്ഷണമാണ് ഇടിച്ചക്കത്തോരൻ. ചക്കയെപ്പോലെ തന്നെ നിരവധി ഔഷധഗുണങ്ങളുണ്ട് ഇടിച്ചക്കയ്ക്കും. കാർബോഹൈഡ്രേറ്റുകൾ, നാരുകൾ, വിറ്റാമിൻ സി, എ എന്നിവയുടെ കലവറയാണ് ഇടിച്ചക്ക. വിറ്റാമിൻ സി ധാരാളമുള്ളതിനാൽ പലതരം ആരോഗ്യപ്രശ്നങ്ങൾക്ക് പ്രതിവിധിയാണിത്. ഒപ്പം ചർമ്മത്തിന് സൗന്ദര്യം പ്രദാനം ചെയ്യാനും കഴിവുണ്ട് .
വിറ്റാമിൻ സി ചർമ്മത്തിലെ ചുളിവുകൾ നീക്കി ചർമ്മം ആകർഷകമാക്കും. രക്തസമ്മർദ്ദമുള്ളവർക്ക് ഇടിച്ചക്ക കഴിച്ച് രോഗം നിയന്ത്രണവിധേയമാക്കാം. ദഹനപ്രശ്നങ്ങൾക്ക് പ്രതിവിധി എന്നതാണ് ഇതിന്റെ പ്രധാന ഔഷധമേന്മ. ഇതിലുള്ള നാരുകളാണ് ദഹനം സുഗമമാക്കുന്നതും ദഹനേന്ദ്രിയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതും. വയറിളക്കം, മലബന്ധം എന്നീ രോഗങ്ങൾ ശമിപ്പിക്കാനും സഹായകമാണ് ഇടിച്ചക്ക. പ്രമേഹരോഗികൾക്ക് പച്ചച്ചക്ക എന്നതിനേക്കാൾ ഇടിച്ചക്കയാണ് കൂടുതൽ ഔഷധഗുണം നൽകുന്നത്. അതിനാൽ ചക്കയുടെ സീസണിൽ പ്രമേഹരോഗികൾ ഇടിച്ചക്ക കഴിക്കുക.