gayathri-ashok

ഓർക്കുന്നുണ്ടോ പരസ്യ കലയിലെ ഈ ഗായത്രിയെ?​ ഒരു കാലത്ത് മലയാള സിനിമകളുടെ ടൈറ്റിലുകളില്‍ നിറഞ്ഞു നിന്നിരുന്ന പേരായിരുന്നു പരസ്യകല ഗായത്രി അശോക്‌ എന്നത്. മലയാളത്തില്‍ പരസ്യകലാകാരന്‍ എന്ന നിലയില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള കലാകാരനാണ് ഗായത്രി അശോക്‌. ഇന്നത്തെ സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നിരവധി പടങ്ങളിൽ അദ്ദേഹം പരസ്യകല ചെയ്തിട്ടുണ്ട്.

1983ൽ പത്മരാജന്റെ കൂടെവിടെയിൽ കഥാപാത്രങ്ങളെല്ലാം സ്റ്റാമ്പിൽ പ്രത്യക്ഷപ്പെടുന്ന പോസ്റ്റർ മുതൽ മൈ ഡിയർ കുട്ടിച്ചാത്തൻ , ദേവരാഗം, കാലാപാനി, താഴ്‌വാരം, പാദമുദ്ര ,നിറക്കൂട്ട്, സ്ഫടികം ,ന്യൂഡൽഹി, ഇരുപതാം നൂറ്റാണ്ട് തുടങ്ങിയ ഒട്ടേറെ ശ്രദ്ധേയമായ ഡിസൈനുകൾ മലയാളിക്കു സമ്മാനിച്ചത് ഗായത്രിയായിരുന്നു.

അതുപോലെ കഴിഞ്ഞ നാലു പതിറ്റാണ്ടായി മലയാളിയോടൊപ്പമുള്ള രണ്ടു പേരുകളാണ് മമ്മൂട്ടിയും മോഹൻലാലും. നടന്മാരെന്ന നിലയിൽ അവർ മലയാള സിനിമയുടെ ആദ്യ പേരുകാരായിട്ട് ഇന്നും നിറഞ്ഞു നിൽക്കുന്നു. ഇരുവരുടെയും സിനിമകളിൽ വിജയങ്ങളും പരാജയങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ,​ ഒരിടയ്ക്ക് മോഹൻലാൽ ചിത്രങ്ങൾ വൻ ഹിറ്റായപ്പോൾ മമ്മൂട്ടിയുടെ ചിത്രങ്ങൾ സാമ്പത്തികമായി പാടെ തകർന്നുപോയെന്ന് വെളിപ്പെടുത്തകയാണ് ഗായത്രി അശോക്. തന്റെ ചിത്രങ്ങളുടെ തുടർച്ചയായുള്ള തകർച്ച താങ്ങാനാവാതെ ഹോട്ടൽ മുറിയിൽ നിന്ന് കരഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

"ഒരേ സമയത്ത് 21 സിനിമകളുടെ വർക്കാണ് അന്ന് ഞാൻ ചെയ്തുകൊണ്ടിരുന്നത്. ഓണത്തിന് വരുന്ന പടങ്ങളടക്കം. അന്നത്തെ ആയിരം കണ്ണുകൾ, ന്യായവിധി, സായം സന്ധ്യ, കഥയ്ക്കു പിന്നിൽ, നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ, ഒന്നു മുതൽ പൂജ്യം വരം, രാജാവിന്റെ മകൻ ഇങ്ങനെയുള്ള ചിത്രങ്ങൾ വരെ 21 സിനിമകൾ ഒരേ സമയം വർക്ക് ചെയ്യുകയാണ്. ഊണിനും ഉറക്കത്തിനും സമയമില്ലാത്ത പരിവത്തിൽ വർക്ക് ചെയ്യ്തുകൊണ്ടിക്കുന്ന ഒരു കാലഘട്ടം. അന്ന് ഒരു വിഷമം പിടിച്ച കാര്യം എന്നു പറഞ്ഞാൽ അതിൽ മോഹൻലാലിന്റെ പടങ്ങൾ രാജാവിന്റെ മകൻ,​ നമുക്ക് പാർക്കാം മുന്തിരിതോപ്പുകൾ,​ പോലുള്ള പടങ്ങൾ നല്ല സക്സസ് ആവുകയും ഇതിന്റെകത്തു വന്ന മമ്മൂട്ടിയുടെ ചിത്രങ്ങൾ ആയിരം കണ്ണുകൾ,​ ന്യായവിധി തുടങ്ങിയ ചിത്രങ്ങൾ തുടർച്ചയായി സാമ്പത്തികമായി പരാജയപ്പെട്ടു. പറഞ്ഞാൽ വിശ്വസിക്കാൻ പറ്റാത്ത ലെവലിലേക്കുള്ള അവസ്ഥയിലേക്ക് മമ്മൂട്ടി ആ സമയത്ത് മാറി എന്നുള്ളത് സത്യമാണ്.

മമ്മൂട്ടി ഹോട്ടലിലൊക്കെ ഒറ്റയ്ക്കു നിൽക്കുമ്പോൾ സ്വയം മറന്നിട്ട് ഞാൻ ഔട്ടായെ,​ ഞാൻ ഔട്ടായിപ്പോയെ എന്നെ ഔട്ടാക്കിയേ എന്നു പറയുന്ന ഒരു അവസ്ഥയിലായി. മമ്മൂട്ടി എന്റെ റൂമിലേക്ക് വന്ന്,​ ഞാൻ ഒട്ടായിപ്പോയെ എല്ലാരും ചേർന്ന് എന്നെ ഔട്ടാക്കിയേ എന്ന് പറഞ്ഞ് അവിടെ ഒരു കട്ടിലുണ്ടായിരുന്നു ആ കട്ടിലേക്ക് വീണു. നിങ്ങൾ രക്ഷപ്പെടും ധെെര്യമായിരിക്കെന്ന് ഞാൻ പറഞ്ഞു. മമ്മൂട്ടി എന്ന കെട്ടിപ്പിടിച്ച് കരഞ്ഞു. ഞങ്ങക്കു വേണം നിങ്ങളെ എന്ന് ഞാൻ പറഞ്ഞു. ന്യൂഡൽഹി എന്ന പടം വരാൻ പോകുകയാണ്. ആ പടം വന്നാൽ അത്ഭുതങ്ങൾ വരാൻ പോവുകയാണ്. അതുകൊണ്ടുതന്നെ ന്യൂഡൽഹി എന്ന പടത്തിന്റെ വർക്ക് എന്നെ സംബത്തിച്ച് വെല്ലുവിളിയായിരുന്നു"-ഗായത്രി അശോക് പറയുന്നു. സഫാരി ടി.വിക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.