തിരുവനന്തപുരം: ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാനുള്ള നീക്കം വിവാദമായതിന് പിന്നാലെ വി.ഐ.പി സുരക്ഷയുടെ പേരിൽ കേരള പൊലീസ് മൂന്ന് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങുന്നതായി റിപ്പോർട്ട്. ടെൻഡർ വിളിക്കാതെ ജപ്പാൻ കമ്പനിയുടെ കാർ വാങ്ങാനാണ് പദ്ധതി. ഇതിനായി ഒന്നരക്കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിലവിൽ നാല് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ സംസ്ഥാനത്തുണ്ട്. എന്നിട്ടാണ് വീണ്ടും വാഹനങ്ങൾ വാങ്ങാൻ സർക്കാർ പദ്ധതി. പൊലീസ് നവീകരണത്തിനായുള്ള കേന്ദ്ര ഫണ്ട് എടുത്താണ് കാറുകൾ വാങ്ങുന്നതെന്നാണ് റിപ്പോർട്ട്.
രണ്ട് ടാറ്റാ സഫാരിയും രണ്ട് മിത്‍സുബിഷി പജേറോയുമാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ വർഷമാണ് 1.10 കോടി ചെലവിൽ രണ്ട് ബുള്ളറ്റ് പ്രൂഫ് കാറുകൾ വാങ്ങിയത്. ടെൻഡറില്ലാതെ ഇവ വാങ്ങാൻ 30ശതമാനം തുക മുൻകൂറായി നൽകിയ ഡി.ജി.പിയുടെ നടപടിയിൽ ആഭ്യന്തര വകുപ്പ് വിശദീകരണം തേടിയിരുന്നു. എന്നാൽ സുരക്ഷ കാരണങ്ങളാൽ ടെൻഡർ വിളിക്കാനാവില്ലെന്നാണ് മറുപടി. മാവോയിസ്റ്റ് ഭീഷണിയുടെ പേര് പറഞ്ഞാണ് ഹെലികോപ്ടർ വാടകയ്ക്ക് എടുക്കുന്നതെങ്കിലും മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ആകാശ സഞ്ചാരത്തിന് വേണ്ടിയാണെന്ന് പൊലീസ് വകുപ്പിൽ നിന്നുതന്നെ സംസാരമുണ്ട്. മാവോയിസ്റ്റുകളുടെയും രക്ഷാപ്രവർത്തനത്തിന്റെയും പേര് പറഞ്ഞ് ഹെലികോപ്ടർ വാടകയ്ക്ക് എടുത്താൽ പ്രശ്നമില്ലെന്നാണ് സർക്കാരിന് കിട്ടിയ ഉപദേശം. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കെ ഹെലികോപ്ടർ വാങ്ങാൻ നീക്കം നടത്തിയിരുന്നു. എന്നാൽ ആ നീക്കം വിവാദമായതിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.
അതേസമയം, അടിയന്തരസേവനങ്ങൾക്ക് ഉപയോഗിക്കുന്നതിനായി പൊലീസിന് സ്ഥിരമായി ഹെലിക്കോപ്ടർ വാടകയ്ക്കെടുക്കാനുള്ള നീക്കം വിവാദത്തിലായിരുന്നു. കുറഞ്ഞ തുകയ്ക്ക് മികച്ച സേവനം വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയുടെ ഇടപെടലിനെ തുടർന്നാണ് സർക്കാർ നഷ്ടകരാറിൽ ഏർപ്പെടുന്നതെന്നും ആരോപണമുണ്ട്. പ്രതിമാസം 1.44 കോടി രൂപ ചെലവഴിച്ച് ഡൽഹി ആസ്ഥാനമായ പവർഹാൻസിൽ നിന്ന് ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാനാണ് തീരുമാനിച്ചത്. പ്രതിമാസം 20മണിക്കൂർ ഉപയോഗിക്കാം. അധികമുള്ള ഓരോ മണിക്കൂറിനും 68,000 രൂപ വീതം നൽകണം. എന്നാൽ ഡൽഹി ആസ്ഥാനമായ ചിപ്‌സൺ ഏവിയേഷൻ എന്ന കമ്പനി ഇതേ തുകയ്ക്ക് കണ്ണൂരും കൊച്ചിയും തിരുവനന്തപുരത്തുമായി മൂന്നു ഹെലികോപ്റ്റർ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇരുപത് മണിക്കൂറിനു പകരം അറുപത് മണിക്കൂർ സേവനവും ഉറപ്പ് നൽകി. എന്നാൽ ഇത് പിന്തള്ളിയാണ് പവൻഹാൻസുമായി കരാറിലേർപ്പെടാൻ തീരുമാനിച്ചതെന്നാണ് ആരോപണം. ഈമാസം 10ന് കരാർ ഒപ്പിടാനിരിക്കെ ചിപ്സൺ ഏവിയേഷൻ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുമുണ്ട്.