onion-

തിരുവനന്തപുരം : അപ്രതീക്ഷിതമായുണ്ടായ കാലവർഷത്തിൽ രാജ്യത്തെ ഉള്ളി കൃഷി വ്യാപകമായി നശിക്കാൻ കാരണമായതിനെ തുടർന്ന് സവാള ദൗർഭല്യവും വിലയിൽ വൻ വിലക്കയറ്റമാണുണ്ടായത്. കുതിച്ചുയരുന്ന സവാള വിലയെ പിടിച്ചു കെട്ടാനായി വിദേശ രാജ്യങ്ങളിൽ നിന്നും സവാള വൻതോതിൽ ഇറക്കുമതി ചെയ്യാനുള്ള നടപടി കേന്ദ്രം കൈക്കൊണ്ടിട്ടുണ്ട്. യെമെൻ, ഈജിപ്റ്റ്, തുർക്കി എന്നിവിടങ്ങളിൽ നിന്നുമാണ് സവാള ഇറക്കുമതി ചെയ്യാൻ കേന്ദ്ര ഏജൻസിയായ നാഫെഡ് തീരുമാനിച്ചിട്ടുള്ളത്. അതേ സമയം രാജ്യത്ത് സവാളയ്ക്ക് ക്ഷാമമുണ്ടാവുമെന്ന് നേരത്തെ സംസ്ഥാനങ്ങൾക്ക് നാഫെഡ് മുന്നറിയിപ്പ് നൽകിയിരുന്നെന്നും എന്നാൽ കേരളമടക്കമുള്ള ചില സംസ്ഥാനങ്ങൾ ഗൗരവത്തോടെ മുന്നറിയിപ്പിനെ കാണാതിരുന്നതാണ് പ്രശ്നം ഗുരുതരമാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്.

കേന്ദ്രസർക്കാരിന്റെ വിലസ്ഥിരത പദ്ധതി അനുസരിച്ച് കർഷകരിൽ നിന്നും നേരിട്ടാണ് നാഫെഡ് സവാള വാങ്ങുന്നത്. സവാള ആവശ്യത്തിന് സ്റ്റോക്കെടുക്കണമെന്നും വിലക്കയറ്റമുണ്ടാവാൻ സാദ്ധ്യതയുണ്ടെന്നുമാണ് നാഫെഡ് ഒന്നരമാസം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. ഇതേ തുടർന്ന് മിക്ക സംസ്ഥാനങ്ങളും ഇരുന്നൂറ് ടണ്ണിന് മുകളിൽ സവാള നാഫെഡിൽ നിന്നും കേവലം 27.65 രൂപയ്ക്ക് വാങ്ങി സംഭരിച്ചു. എന്നാൽ കേരളം കേവലം 50ടൺ മാത്രമാണ് ഇത്തരത്തിൽ വാങ്ങിയത്. ഇതും സംഭരിച്ചു സൂക്ഷിക്കുവാനായി വാങ്ങിയതായിരുന്നില്ല. വൈകാതെ മുന്നറിയിപ്പിനെ സാധൂകരിച്ചു കൊണ്ട് രാജ്യത്ത് സവാള വില നൂറ് കടന്നപ്പോഴാണ് കേരളമുണർന്നത്. നാഫെഡിനോട് കൂടുതൽ സവാള ആവശ്യപ്പെട്ടുവെങ്കിലും സ്‌റ്റോക്കില്ലാത്തതിനാൽ കൈമലർത്തുകയായിരുന്നു. സംസ്ഥാനങ്ങൾക്കു പുറമേ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനായി സ്വകാര്യ സ്ഥാപനങ്ങൾക്കും നാഫെഡ് സവാള നൽകുന്നുണ്ട്.

നാഫെഡിനോട് കേരളം ചോദിച്ചത് 300 ടൺ

സവാള വില നൂറ് കടന്ന സമയത്ത് നാഫെഡിനോട് അത്യാവശ്യമായി 300 ടൺ സവാള ലഭ്യമാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതേ തുടർന്ന് യെമെൻ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും സവാള ഇറക്കുമതിക്ക് നാഫെഡ് ശ്രമിക്കുകയാണ്. ഈ മാസം പത്തോടെ കേരളത്തിനാവശ്യമായ സവാള നാഫെഡ് മുംബയിൽ എത്തിക്കും. ഇവിടെ നിന്നുമുള്ള ചരക്ക് നീക്കം കേരളത്തിന്റെ ചുമതലയാണ്. കിലോഗ്രാമിന് അറുപത് രൂപയ്ക്കാണ് നാഫെഡ് കേരളത്തിന് സവാള നൽകുന്നത്. സംസ്ഥാനത്ത് വിലനിയന്ത്രണത്തിനായി സിവിൽ സപ്‌ളൈക്കോ സ്റ്റോറുകൾ വഴിയാവും സർക്കാർ സവാള വിറ്റഴിക്കുക. എന്നാൽ വിലയെത്രയെന്ന് തീരുമാനിച്ചിട്ടില്ല.

പൂഴ്ത്തിവയ്ക്കാൻ പോലുമില്ല സവാള

നിലവിൽ സംസ്ഥാനത്ത് സവാള വിൽപ്പന നടത്തുന്നത് നൂറ് രൂപയ്ക്കടുത്താണ്. വൻ വില നൽകിയിട്ടും വിപണിയിൽ സവാള എത്താത്തത് കൊള്ള ലാഭം പ്രതീക്ഷിച്ചുള്ള പൂഴ്ത്തി വയ്പ്പാണെന്ന് കരുതി എല്ലാ ജില്ലാ ആസ്ഥാന കേന്ദ്രങ്ങളിലും ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് ഇറങ്ങിയിട്ടുണ്ട്. എന്നാൽ പരിശോധനയിൽ എവിടെ നിന്നും സവാള പൂഴ്ത്തി വച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടില്ല. ഇത് സവാള ക്ഷാമത്തിന്റെ രൂക്ഷതയ്ക്കുള്ള തെളിവാണ്.