ന്യൂഡൽഹി: മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ എട്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഇവർക്കൊപ്പം കെട്ടിടത്തിൽ നിന്ന് ചാടിയ മറ്റൊരു സ്ത്രീ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ന് രാവിലെ ഡൽഹിക്ക് സമീപം ഗാസിയാബാദിലാണ് സംഭവം.
ഒരു ഫാക്ടറി ഉടമയും ഭാര്യയും മക്കളുമാണ് മരിച്ചത്. ഇവർക്കൊപ്പം കെട്ടിടത്തിൽ നിന്ന് ചാടിയ സ്ത്രീ യുവാവിന്റെ ബിസിനസ് പങ്കാളിയായിരുന്നുവെന്നും, രണ്ടാം ഭാര്യയാണെന്നുമൊക്കെ പറയപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു.
ഉറങ്ങിക്കിടക്കുന്ന രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തുന്നതിന് മുമ്പ് ദമ്പതികൾ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. 'രണ്ട് കുട്ടികളുടെ മൃതദേഹങ്ങളും, കുറച്ച് പണത്തിനൊപ്പം ഒരു ആത്മഹത്യാക്കുറിപ്പും ഫ്ലാറ്റിൽ നിന്ന് കണ്ടെത്തി. ആത്മഹത്യയ്ക്ക് കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്ന് കുറിപ്പിലുണ്ട് ”- മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സുധീർ കുമാർ പറഞ്ഞു.ചൊവ്വാഴ്ച പുലർച്ചെ അഞ്ചുമണിയോടെ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലെ സെക്യൂരിറ്റി ഗാർഡ് അജാസ് കരീം ഖാനാണ് രണ്ട് മൃതദേഹങ്ങളും പരിക്കേറ്റ സ്ത്രീയും നിലത്ത് കിടക്കുന്നത് കണ്ടത്.