ഈ മണ്ഡലകാലത്ത് ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാതിരിക്കുന്നത് സുപ്രീം കോടതി വിധിയിൽ നിലനിൽക്കുന്ന അവ്യക്തതകാരണമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു. കൗമുദി ടി.വിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 'ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന് വ്യക്തമാക്കി സുപ്രീം കോടതി 2018ൽ പുറപ്പെടുവിച്ച വിധിയിൽ ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രമാണ് വിയോജനവിധി രേഖപ്പെടുത്തിയത്. യുവതി പ്രവേശനവിധിക്കെതിരെ ഏതാണ്ട് അൻപതോളം പുനപരിശോധന ഹർജികളാണ് സുപ്രീം കോടതിയിൽ എത്തിയത്. ഈ നവംബർ 14ന് സുപ്രീം കോടതി യുവതി പ്രവേശനവിധി പുനപരിശോധിക്കണമെന്ന് വ്യക്തമാക്കി വിധി പറഞ്ഞു. എന്നാൽ അത് റിവ്യൂ പെറ്റീഷന്റെ സ്വീകാര്യത സംബന്ധിച്ച് ഒരു ഉത്തരവായിരുന്നില്ല. റിവ്യൂ പെറ്റീഷൻ ലൈവായി നിർത്തിക്കൊണ്ട് 2018ലെ വിധി ഒരു എഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. അതിന്റെ അർത്ഥം ഈ വിഷയത്തിൽ അന്തിമവിധി ഏഴംഗ ലാർജർ ബെഞ്ചിൽ നിന്നു വരാനിരിക്കുകയാണെന്നും എൻ.വാസു പറഞ്ഞു.
അയ്യപ്പഭക്തരുടെ പ്രതിഷേധവും കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയും കാരണമാണോ ഇങ്ങനെയൊരു നിലപാടിലേക്ക് നീങ്ങിയതെന്ന ചോദ്യത്തിന് എൻ.വാസു പറഞ്ഞ മറുപടി ഇങ്ങനെ, 'ഞാൻ അത്തരം രാഷ്ട്രീയ വിഷയങ്ങളിലേക്ക് കടക്കുന്നില്ല. അതിന്റെ രാഷ്ട്രീയ മാനങ്ങളിലേക്കും കടക്കുന്നില്ല. അത് തീർച്ചയായും സർക്കാർ തലത്തിൽ തീരുമാനങ്ങൾ എടുക്കുന്നുണ്ടെങ്കിൽ അതിന് സർക്കാരിന്റെതായ വിലയിരുത്തലുകളുണ്ടാവും. തിരുവിതാംകൂർ ദേവസ്വം ബോർഡിന് ബോർഡിന്റേതായ ഒരു നിലപാടാണുള്ളത്. ഞങ്ങൾക്ക് കിട്ടുന്ന നിയമോപദേശങ്ങളും ഞങ്ങൾ മനസിലാക്കുന്ന വസ്തുനിഷ്ട സാഹചര്യങ്ങൾ അനുസരിച്ചാണ് ദേവസ്വം ബോർഡ് മുന്നോട്ടു പോകുന്നത്'.