മലയാള സിനിമയിലെ പുതു നായികമാരിൽ ശ്രദ്ധനേടുന്ന താരമാണ് ദിവ്യ പിള്ള. അയാൾ ഞാനല്ല, ഊഴം, മാസ്റ്റർപീസ്, എടക്കാട് ബെറ്റാലിയൻ എന്നീ സിനിമകളിലൂടെ പ്രേഷക മനസിൽ ഇടംനേടിയ ദിവ്യയുടെ പുതു ചിത്രമാണ് ജിമ്മി ഈ വീടിന്റെ ഐശ്വര്യം. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ശിക്കാരി ശംബു എന്ന സിനിമയുടെ എഴുത്തുകാരില്‍ ഒരാളായ രാജു ചന്ദ്ര ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയുന്ന ചിത്രം കൂടിയാണിത്. കൂടാതെ ഹോളിവുഡ് സിനിമയിൽ അഭിനയിച്ച സൂപ്പർ ഡോഗ് ആദ്യമായി ഒരു മലയാള സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. കുട്ടികൾക്കും കുടുംബത്തിനും ആസ്വദിച്ച് കാണാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിട്ടുള്ളതെന്ന് ചിത്രത്തിലെ നായിക ദിവ്യ പിള്ള പറയുന്നു. ഇപ്പോൾ തന്റെ ആദ്യ സിനിമയായ അയാൾ ഞാനല്ല എന്ന സിനിമയിലെത്തിയതിനു പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് ദിവ്യ. കേരള കൗമുദി ഓൺലെെനിനോടാണ് താരം മനസുതുറന്നത്.

divya-pillai

സുഹൃത്തിന്റെ കല്യാണ വീഡിയോ കണ്ടാണ് തന്റെ ആദ്യ സിനിമയായ അയാൾ ഞാനല്ലയിലേക്ക് സംവിധായകനായ വിനീത് വിളിക്കുന്നതെന്ന് ദിവ്യ പിള്ള വെളിപ്പെടുത്തി. ശേഷം വന്ന സിനിമകളെല്ലാം ഭാഗ്യമായി കരുതുന്നെന്നും താരം പറയുന്നു.

"ആദ്യത്തെ സിനിമ വിനീതേട്ടൻ എന്നെ ഒരു കല്യാണത്തിന്റെ ഇവന്റിൽ കണ്ടാണ് വിളിക്കുന്നത്. പുള്ളി സംവിധാനം ചെയ്യുന്ന സിനിമയിൽ ഹീര എന്ന കഥാപാത്രം ചെയ്യാൻ പറ്റും എന്ന് അദ്ദേഹത്തിന് തോന്നി. പിന്നീട് കോണ്ടാക്ട് ചെയ്തു. അങ്ങനെ ഫസ്റ്റ് മൂവി ചെയ്തു. സെക്കന്റ് മൂവി ജിത്തുച്ചേട്ടന്റെയായിരുന്നു. രാജുവട്ടന്റെ കൂടെ. അതെനിക്ക് നോ എന്ന് പറയാൻ പറ്റിയില്ല.

ഞാൻ ദുബായി എയർലെെനിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. ജോലിക്കിടയിലായിരുന്നു സിനിമ ചെയ്യാൻ സമയം കണ്ടെത്തിയത്. ഇപ്പോൾ റിസെെൻ ചെയ്തു. ഭർത്താവ് ഒസാമ ഇന്ത്യക്കാരനല്ല. ദുബായിൽ ഒരുമിച്ച് ജോലി ചെയ്യുമ്പോഴാണ് ഞങ്ങൾ പരിചയപ്പെട്ടത്. പരസ്പരം ഇഷ്ടമായി. കല്യാണം കഴിക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. പേരൻസിനെ കൺവീൻസ് ചെയ്തു. അങ്ങനെ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു കല്യാണം"-ദിവ്യ പറയുന്നു.