sports

കൊച്ചി : മലയാളികളായ കായിക പ്രേമികളുടെ വേറിട്ടൊരു കൂട്ടായ്മയായ കളിക്കളം ഗ്രൂപ്പിന്റെ കായിക സംഗമം ഞായറാഴ്ച കൊച്ചിയിൽ നടന്നു. 2018 ഫുട്‌ബോൾ ലോകകപ്പ് മത്സര സമയത്തു അംഗങ്ങൾ ടെലിവിഷനിൽ മത്സരങ്ങൾ കാണുമ്പോൾ കളി പറയാനും വഴക്കടിക്കാനും തുടങ്ങിയ ഈ എളിയ സംരംഭം ഇന്ന് അംഗങ്ങളുടെ എണ്ണത്തിൽ വാട്സ്ആപ്പ് പരിധി എത്തി നിൽക്കുന്നു.

അർജുന അവാർഡ് ജേതാവും മുൻ ഇന്ത്യൻ വോളീബോൾ ക്യാപ്ടനുമായ ശ്രീടോം ജോസഫ്, മലയാളികളെ ഫുട്ബാൾ ആസ്വാദനത്തിന്റെ പുതിയ തലങ്ങളിൽ എത്തിച്ച ശ്രീ.ഷൈജു ദാമോദരൻ എന്നിവർ ഈ കൂട്ടായ്മയുടെ ആവേശമാണ്. ദുരിതാശ്വാസ സഹായം, കായീക താരങ്ങൾക്കുള്ള സഹായങ്ങൾ, ഗ്രാമ പ്രദേശത്തെ കുട്ടികൾക്ക് കായീക ഉപകരണങ്ങൾ ,രക്തദാനം,അശരണ സഹായം എന്നിങ്ങനെ സാമൂഹ്യ പ്രതിബദ്ധതയുള്ള ഏറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു എന്ന ചാരിതാർഥ്യത്തിലാണ് അംഗങ്ങൾ.

പകലന്തിയോളം മനസ്സുനിറയെ ഫുട്‌ബോളും ക്രിക്കറ്റും കളിച്ചു വിജയികളായവർക്കു ഗ്രൂപ് അംഗം കൂടിയായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീ. ടിനു യോഹന്നാൻ സമ്മാനങ്ങൾ നൽകി. മഞ്ഞപ്പടയ്ക്ക് പിന്തുണയേകി ഐഎസ്എൽ മത്സരവും കണ്ടു പിരിയുമ്പോൾ കേരളാ ബ്ലാസ്റ്റേഴ്സിന് അവസാന നിമിഷങ്ങളിൽ സമനില വഴങ്ങേണ്ടി വന്ന സങ്കടം മാത്രം എല്ലാവർക്കും ബാക്കിയായി.