hc

കോതമംഗലം: കോതമംഗലം ചെറിയ പള്ളി സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജിയിലാണ് ഉത്തരവ്. നിയമവാഴ്ച ഉറപ്പുവരുത്താൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും തടസം നിൽക്കുന്നവരെ അറസ്റ്റ് ചെയ്ത് നീക്കണമെന്നും കോടതി വ്യക്തമാക്കി.

ഇതിനായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരം കളക്ടർ ഉപയോഗിക്കണമെന്ന് കോടതി വ്യക്തമാക്കി. പള്ളിയിൽ തമ്പടിച്ചവരെ ഒഴിപ്പിച്ചിട്ട് വേണം സർക്കാർ പള്ളി ഏറ്റെടുക്കേണ്ടതെന്നും,​ ക്രമസമാധാന പ്രശ്നം ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിർദേശം നൽകി.

യാക്കോബായ വിഭാഗം ഭൂരിപക്ഷമായ കോതമംഗലം ചെറിയ പള്ളിയുടെ അവകാശം ആർക്കാണ് എന്ന കാര്യത്തിൽ ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുകയാണ്.14 കുടുംബങ്ങൾ മാത്രമുള്ള ഓർത്തഡോക്സ് വിഭാഗത്തിനല്ല, ഭൂരിപക്ഷമായ തങ്ങൾക്കാണ് പള്ളിയുടെ അവകാശമെന്നായിരുന്നു യാക്കോബായ വിഭാഗത്തിന്റെ വാദം. നേരത്തെ സുപ്രീം കോടതി ഉത്തരവനുസരിച്ച് പള്ളികളിൽ പ്രവേശിച്ച് പ്രാർത്ഥന നടത്താൻ ശ്രമിച്ച ഓർത്തഡോക്‌സ് വിഭാഗത്തെ യാക്കോബായക്കാർ പലയിടങ്ങളിലും തടഞ്ഞത് സംഘർഷത്തിന് വഴിവെച്ചിരുന്നു.