ദൈവത്തിന്റെ നാടെന്ന അഹങ്കാരം ഒരമ്മയുടെ കണ്ണീരിൽ ഒരു നിമിഷത്തേക്ക് നഷ്ടമായ സംഭവമായിരുന്നു ഇന്നലെയുണ്ടായത്. കൊടിയ ദാരിദ്ര്യത്തിന്റെ നിസഹായതയിൽ മണ്ണുതിന്ന് വിശപ്പകറ്റാൻ വിധിക്കപ്പെട്ട നാല് പിഞ്ചു കുഞ്ഞുങ്ങളെ ഏറ്റെടുക്കണമെന്ന അപേക്ഷയുമായി ശിശുക്ഷേമ സമിതിയുടെ കാരുണ്യം തേടിയ ഒരമ്മ തലസ്ഥാനത്ത് ജീവിക്കുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് മാദ്ധ്യമങ്ങൾ പുറത്തുകൊണ്ടു വന്നത്. തലസ്ഥാന നഗരഹൃദയത്തിൽ, കൈതമുക്കിലെ പുറമ്പോക്കിൽ കഴിയുന്ന കുടുംബത്തിന്റെ ദുരവസ്ഥ പുറംലോകമറിഞ്ഞത് കണ്ണീരുമായി ഈ അമ്മ ശിശുക്ഷേമ സമിതിയുടെ ഓഫീസിലെത്തിയതോടെയാണ്.
ഈ സംഭവത്തിൽ കൗമുദി ടി.വി നടത്തിയ അന്വേഷണത്തിൽ കൊടിയ പീഡനങ്ങളാണ് വീട്ടമ്മയ്ക്ക് നേരിടേണ്ടി വന്നതെന്ന് വ്യക്തമായി. മദ്യപാനിയായ ഭർത്താവിന്റെ മർദനം ഏൽക്കേണ്ടി വന്നിരുന്നതായി കണ്ണീരോടെ വീട്ടമ്മ പങ്കുവയ്ക്കുന്നു. കൂലിപ്പണിക്കാരനാണെങ്കിലും ഭക്ഷണത്തിനുള്ള വക പോലും ഭർത്താവ് നൽകില്ല. ചോദ്യം ചെയ്താൽ ലഭിക്കുക കൊടിയ മർദനവും.
നാലു മക്കളെ ശിശുക്ഷേമ സമിതി ഏറ്റെടുത്ത വാർത്ത പുറത്തു വന്നതോടെ ജനപ്രതിനിധികളടക്കം ഇവരുടെ വീട്ടിലെത്തി സഹായങ്ങൾ വാഗ്ദാനം ചെയ്തു. മുട്ടത്തറ സ്വദേശിയായ ഭർത്താവ് മൂന്ന് കുട്ടികളായതിന് ശേഷവും പ്രസവം നിർത്താൻ അനുവദിച്ചിരുന്നില്ല. ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി ബോധവത്കരണം നടത്തിയിട്ടും മദ്യപാനിയായ ഭർത്താവ് ഇതിന് തടസം നിൽക്കുകയായിരുന്നു. മദ്യപിച്ചെത്തി മർദിക്കുന്ന ഭർത്താവിനെതിരെ സ്റ്റേഷനിലടക്കം പരാതി നൽകിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല.
അമ്മയുടെയും കുഞ്ഞുങ്ങളുടേയും ദുരിത ജീവിതം പുറത്തു വന്നതിനു ശേഷം തിരുവനന്തപുരം കോർപ്പറേഷൻ മേയർ നേരിട്ടെത്തി ജോലിയും താമസിക്കാൻ ഫ്ളാറ്റ് അടക്കമുള്ള സഹായവും നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇരുട്ടി വെളുത്തപ്പോൾ ജീവിത സാഹചര്യത്തിലെ ഇരുളകലുമെന്ന പ്രതീക്ഷയിൽ ഈ അമ്മയ്ക്ക് പറയുവാനുള്ളത് ഒരു കാര്യം മാത്രമാണ് ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ച മക്കളെ വീണ്ടെടുക്കണം.