modi

ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിൽ ബി.ജെ.പി എം.പിമാർ പങ്കെടുക്കാത്തതിൽ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗാണ് പ്രധാനമന്ത്രിയുടെ അതൃപ്തി എം.പിമാരെ അറിയിച്ചത്. എം.പിമാർ അവരവരുടെ ജോലി കൃത്യമായി നിർവഹിക്കണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പൗരത്വഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ എല്ലാ എം.പിമാരും കൃത്യമായി പങ്കെടുക്കണമെന്ന് രാജ്നാഥ് സിംഗ് മുന്നറിയിപ്പ് നൽകി.

ബി.ജെ.പി എം.പിമാരുടെ നിരുത്തരവാദിത്തപരമായ സമീപനത്തെ കുറിച്ച് പ്രധാനമന്ത്രി നിരന്തരം സംസാരിക്കുകയുണ്ടായി. എത്ര തവണ ശകാരിച്ചിട്ടും ഇതിൽ ഒരു മാറ്റവും വരാത്തതിനാൽ പ്രധാനമന്ത്രി അതൃപ്തനാണെന്ന് രാജ്നാഥ് സിംഗ് പറ‌ഞ്ഞു. ഈ വർഷം ജൂലായിൽ ചേർന്ന പാർലമെന്റ് സമ്മേളനത്തിൽ ഒട്ടുമിക്ക ബി.ജെ.പി എം.പിമാരും പങ്കെടുക്കാത്തതിനെ തുടർന്ന് പ്രധാനമന്ത്രി അസ്ഥസ്ഥനായിരുന്നു. നിങ്ങളുടെ മണ്ഡലത്തിൽ ഒരു പരിപാടിയിൽ പങ്കെടുക്കാമെന്ന് പ്രധാനമന്ത്രിയോ അമിത് ഷായോ വാക്ക് നൽകുന്നു, എന്നിട്ട് അതിൽ നിന്ന് പിന്മാറിയാൽ നിങ്ങൾക്ക് എന്ത് തോന്നും- രാജ്നാഥ് സിംഗ് പറഞ്ഞു.

വരാനിരിക്കുന്ന നാളുകളിൽ രാഷ്ട്രീയവും-നിർണായകവുമായ ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും രാജ്നാഥ് സിംഗ് ഓർമ്മിപ്പിച്ചു. പ്രധാനപ്പെട്ട നിരവധി ബില്ലുകൾ വരും ദിവസങ്ങളിൽ ഏറ്റെടുക്കും, എല്ലാം എം.പിമാരും കൃത്യമായി ഹാജരാകണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം, പൗരത്വ ഭേദഗതി ബില്ലിൽ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ രാജ്നാഥ് സിംഗ് തള്ളിക്കളഞ്ഞു. രാജ്യത്തെയും ജനങ്ങളെയും ഒന്നിപ്പിക്കുന്നതിനാണ് ബി.ജെ.പി എല്ലായ്പ്പോഴും പ്രവർത്തിക്കേണ്ടതെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.