ഏത് കാര്യവും വിഘ്നം കൂടാതെ മംഗളകരമായി നടക്കാൻ ഗണപതി പ്രീതി പ്രധാനമാണ്. ഏതൊരു കാര്യത്തിനൊരുങ്ങിയാലും ആദ്യം വിഘ്‌ന വിനാശകാനായ ഗണപതി പ്രീതി വരുത്താറുണ്ട്. എന്നാലേ ആ കാര്യം വിജയപ്രദമാകൂ എന്നാണ് വിശ്വാസം. പുതിയ സംരംഭങ്ങള്‍ക്കൊരുങ്ങുമ്പോള്‍ അതായത് ഗൃഹാരംഭം, ഗൃഹപ്രവേശം, വിവാഹം, വിദ്യാരംഭം, തൊഴില്‍ എന്നിവയ്‌ക്കെല്ലാം ആദ്യം ഗണപതി പ്രീതി വരുത്താറുണ്ട്.
ഗണപതിയിൽ എല്ലാ ദേവിദേവന്മാരുടേയും ഭാവങ്ങൾ അടങ്ങിയിരിക്കുന്നെന്നാണ് പറയപ്പെടുന്നത്. തടസങ്ങളെ തടഞ്ഞ് നിറുത്തി ഭക്തർക്ക് ഉദ്ദിഷ്ടകാര്യസിദ്ധിയും കീർത്തിയും ഗണപതിപ്രീതിയിലൂടെ ലഭിക്കുമെന്നാണ് വിശ്വാസം. സര്‍വ യജ്ഞങ്ങളുടെയും യാഗങ്ങളുടെയും അഗ്രപൂജയ്ക്ക് അധികാരിയായ ഭഗവാന്‍ വിനായകന്റെ അനുഗ്രഹം കൂടാതെ ഒരു സംരംഭവും വിജയത്തില്‍ എത്തില്ല എന്ന് പഴമക്കാർ പറയുന്നത്.
ജീവിതത്തില്‍ ഉത്തമഗണപതി ഭക്തനായി തീര്‍ന്നാല്‍ രാഹു, ശനിദോഷം ഉള്‍പ്പെടെ ഒരുവിധം ഗ്രഹദോഷം കഠിനമായി ബാധിക്കില്ല എന്നും പറയപ്പെടുന്നു. ഗണപതി പ്രീതിക്കായി വീട്ടിലും, വ്യാപാരസ്ഥലത്തും പൂജാസ്ഥാനം ഉണ്ടെങ്കില്‍ കഴിയുന്നതും മൂല ചേര്‍ത്ത് ഒരടിയെങ്കിലും വലുപ്പമുള്ള ഒരു ഗണപതി ചിത്രം ഉണ്ടാവുന്നത് നല്ലതാണ്. കൂടാതെ വീട് നില്‍ക്കുന്ന പറമ്പിന്‍റെ കന്നിമൂലയില്‍ കറുക വളര്‍ത്തുക. വെള്ളിയാഴ്ച, ചതുര്‍ത്ഥി ദിവസങ്ങളില്‍ ഗണപതി ഹോമം നടത്തുകയോ, നാളികേരം ഉടയ്ക്കുകയോ ചെയ്യുക.
വീട്ടിലും, വ്യാപാരസ്ഥലത്തും പൂജാസ്ഥാനം ഉണ്ടെങ്കില്‍ കഴിയുന്നതും മൂല ചേര്‍ത്ത് ഒരടിയെങ്കിലും വലുപ്പമുള്ള ഒരു ഗണപതി ചിത്രം ഉണ്ടാവണം. കടുത്ത തടസ്സമുള്ളവര്‍ ഉത്തമഗുരുവിനെ കണ്ട് വിശിഷ്ടമായ ഏതെങ്കിലും ഗണപതി മന്ത്രം ഉപദേശമായി വാങ്ങി ഒരു മണ്ഡലം ജപിക്കുകയുമാവാം. ഗണപതി ചിത്രത്തിന് മുന്നില്‍ മധുരപദാര്‍ത്ഥങ്ങള്‍ വച്ച് ഗണപതി സ്തുതികള്‍ ചൊല്ലുക. ദാരിദ്ര്യദഹനഗണപതി സ്തോത്രം, ഗണേശാഷ്ടകം, സങ്കടഹരഗണേശസ്തോത്രം ഇവ ജപിക്കുന്നത് നന്ന്. ഗണപതിയുടെ വിശേഷചൈതന്യമുള്ള പിള്ളയാര്‍പെട്ടി, പഴവങ്ങാടി, മധൂര്‍, കൊട്ടാരക്കര, അഞ്ചല്‍, ഗണപതി, നിഴലിമംഗലം ഗണപതി, ഇടപ്പള്ളി ഗണപതി തുടങ്ങിയ ഒരു ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കുക.