girl-dead

ബംഗളൂരു: എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ അയൽവാസിയെ പൊലീസ് അറസ്റ്റു ചെയ്തു. വടക്കൻ കർണാടകയിലെ കൽബുർഗി ജില്ലയിലെ ചിഞ്ചോളി താലൂക്കിലാണ് സംഭവം. പ്രതി കുട്ടിയ്ക്ക് മിഠായി നൽകി വീട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം കൊലപ്പെടുത്തി മുല്ലമാരി ജലസേചന പദ്ധതിയോട് ചേര്‍ന്നുള്ള കനാലിന് സമീപം മൃതദേഹം ഉപേക്ഷിച്ചു. കൊലപ്പെടുത്തിയ ശേഷവും ഇയാൾ കുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് സംശയിക്കുന്നു.

സ്കൂളിൽ പോയ പെൺകുട്ടി ഇന്നലെ വൈകുന്നേരം തിരിച്ചെത്താതായതോടെ മാതാപിതാക്കളും അയൽവാസികളും തിരയാൻ തുടങ്ങി. അന്വേഷണത്തിൽ അവൾ സ്കൂളിലെത്തിയിരുന്നില്ലെന്ന് കണ്ടെത്തി. ഉച്ചയോടെ അയൽവാസിയായ യെല്ലപ്പയ്ക്കൊപ്പം എട്ടുവയസുകാരിയെ കണ്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. തുടർന്ന് പൊലീസിനെ അറിയിക്കുകയും ചെയ്തു.

പരാതികളുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ താൻ കുട്ടിയെ കണ്ടില്ലെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്. തുടർന്ന് പരിസരവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോൾ പ്രതിയുടെ അടിവസ്ത്രവും അടുത്തായി ചോരത്തുള്ളികളും കണ്ടെത്തിയിരുന്നു.