sabarimala-

പമ്പ : മണ്ഡലകാലത്ത് താത്കാലികമായി ശബരിമലയിൽ നിയോഗിച്ച ജീവനക്കാരിൽ ക്രിമിനലുകൾ കടന്നുകൂടിയതായി ആക്ഷേപം ഉയരുന്നു. ശബരിമലയിൽ അയ്യപ്പൻമാർക്കെതിരെ മുന്നാം മുറയുണ്ടായി എന്ന പരാതി ഉയർന്നതോടെയാണ് സെക്യൂരിറ്റിമാരുടെ മുൻകാല പ്രവർത്തികളെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിയത്. അന്വേഷണത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്, റിപ്പോർട്ട് ഡി.ജി.പിക്ക് സമർപ്പിച്ചിരിക്കുകയാണ്.

തിരുവനന്തപുരം സ്വദേശിയായ അനീഷ് എന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥൻ നടപ്പന്തലിൽ വച്ച് ഒരു അയ്യപ്പന്റെ കൈ പിടിച്ച് തിരിക്കുന്ന ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഇയാളെ പറ്റി അന്വേഷിച്ചപ്പോൾ തലസ്ഥാനത്തെ അഞ്ചോളം സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുള്ളതായി കണ്ടെത്തി. കൊലപാതക ശ്രമം, ലഹളയ്ക്ക് കോപ്പുകൂട്ടുക, വീട്ടിൽ അതിക്രമിച്ച് കയറി എന്നീ കേസുകളാണ് ഇയാൾക്കു നേരെയുള്ളത്. മൊബൈൽ മോഷണകേസിലെ പ്രതികളടക്കം ശബരിമലയിൽ ഡ്യൂട്ടിക്കായി നിയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പാർട്ടി അനുഭാവികളെ താത്കാലിക ജോലിക്കായി ശബരിമലയിൽ നിയോഗിച്ചതിന് പിന്നിൽ തലസ്ഥാനത്തെ ഒരു ഇടത് നേതാവ് ഇടപെട്ടതായി റിപ്പോർട്ടുകളുണ്ട്.

ക്രിമിനൽ പശ്ചാത്തലമുള്ള വരെ ഒഴിവാക്കിയാണ് സന്നിധാനത്തെ ഡ്യൂട്ടിക്കായുള്ള പൊലീസിനെ നിയോഗിച്ചിട്ടുള്ളത്. എന്നാൽ കാക്കി വസ്ത്രധാരികളായ സെക്യൂരിറ്റി ജീവനക്കാർ പൊലീസുകാരാണെന്ന തെറ്റിദ്ധാരണ അയ്യപ്പൻമാരിലുണ്ടാക്കുന്നുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ളവർ ഇവരിൽ ഉൾപ്പെട്ടിരിക്കുന്നത് പൊലീസ് സേനയ്ക്കും ചീത്തപ്പേരുണ്ടാക്കുകയാണ്.