മോസ്കോ: അച്ഛനിൽ നിന്നും നേരിട്ട വർഷങ്ങൾ നീണ്ട ലൈംഗിക, ശാരീരിക പീഡനങ്ങൾക്കൊടുവിൽ അയാളെ കൊലപ്പെടുത്തിയ സഹോദരിമാരെ തേടിയെത്തുന്നത് 20 വർഷക്കാലത്തെ തടവുശിക്ഷ. മോസ്കോയിലുള്ള സഹോദരിമാരായ ക്രിസ്റ്റീന ഖച്ചതുർയാൻ, ആഞ്ചല ഖച്ചതുർയാൻ, മരിയ ഖച്ചതുർയാൻ എന്നീ മൂന്ന് സഹോദരിമാർക്കാണ് ഈ ദുർഗതി സംഭവിച്ചത്. സംഭവം നടക്കുമ്പോൾ പെൺകുട്ടികൾക്ക് യഥാക്രമം 17, 18, 19 എന്നിങ്ങനെയായിരുന്നു പ്രായം.
ജൂലൈ 2018ലാണ് അച്ഛനിൽ നിന്നുമുള്ള ക്രൂരപീഡനം താങ്ങാനാകാതെ ഇവർ മൂന്ന് പേരും അയാളെ ചുറ്റിക കൊണ്ട് അടിച്ചും കത്തി കൊണ്ട് കുത്തിയും കൊല ചെയ്യുന്നത്. പെൺകുട്ടികൾക്ക് ശിക്ഷ വിധിക്കുന്നതിനെതിരെ റഷ്യയിൽ വ്യാപക പ്രതിഷേധം ഉടലെടുത്തിരുന്നുവെങ്കിലും പെൺകുട്ടികൾക്ക് ശിക്ഷ ലഭിക്കുക തന്നെ വേണം എന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. എന്നാൽ ശിക്ഷ നൽകുന്നതിന് പകരം അവർക്ക് കൗസിലിംഗ് നൽകുകയാണ് വേണ്ടത് എന്നാണ് ഈ അനീതിക്കെതിരെ പ്രതികരിക്കുന്നവർ അഭിപ്രായപ്പെടുന്നത്.
ഇവർ ഗത്യന്തരമില്ലാതെയാണ് കുറ്റം ചെയ്തതെന്നും സ്വജീവനുകൾ രക്ഷിക്കുക മാത്രമായിരുന്നു അവരുടെ ഉദ്ദേശമെന്നും അഭിഭാഷകരും സാമൂഹിക പ്രവർത്തകരും പറയുന്നു. ഇത്തരം വാദങ്ങൾ നിരാകരിച്ചുകൊണ്ട്, കൊലപാതകം നടക്കുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് പെൺകുട്ടികൾക്ക് നല്ല ബോദ്ധ്യം ഉണ്ടായിരുന്നെന്നും അതിനാൽ അവർ ശിക്ഷയ്ക്ക് അർഹരാണെന്നുമാണ് റഷ്യയുടെ അന്വേഷണ കമ്മിറ്റി പറയുന്നത്. 'കരുതിക്കൂട്ടിയുള്ള കൊലപാതക'മാണ് അന്വേഷണ കമ്മിറ്റി പെൺകുട്ടികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഗാർഹിക പീഡനത്തിനെതിരെയുള്ള റഷ്യൻ നിയമങ്ങൾ ശക്തമല്ലാത്തതാണ് സഹോദരിമാരുടെ ഈ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
ക്രിസ്റ്റീന, ആഞ്ചല എന്നിവർക്കാണ് തടവുശിക്ഷ ലഭിക്കുക. മരിയയെ മാനസികാരോഗ്യ വിദഗ്ദരുടെ സംരക്ഷണയിൽ വിടാനാണ് അന്വേഷണ ഉദ്യോഗസ്ഥർ ആലോചിക്കുന്നത്. മൂന്ന് പേരെയും നിലവിൽ വെവ്വേറെ വീടുകളിൽ താമസിപ്പിച്ചിരിക്കുകയാണ്. ഇവർക്ക് തമ്മിൽ തമ്മിൽ സംസാരിക്കാനുള്ള അനുവാദവും അന്വേഷണ ഉദ്യോഗസ്ഥർ നിഷേധിച്ചിരിക്കുന്നു. ഗാർഹിക പീഡനത്തിനെതിരെ അടുത്തിടെ റഷ്യൻ സർക്കാർ ഒരു ബിൽ കൊണ്ടുവന്നിരുന്നു. എന്നാൽ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളും, റഷ്യൻ ഓർത്തഡോൿസ് സഭയും ഈ ബില്ലിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ബിൽ നിയമമായാൽ കുടുംബങ്ങൾ തകരും എന്നതാണ് ഇവരുടെ വിചിത്ര വാദം.