ന്യൂഡൽഹി: ഉത്‌പാദനച്ചെലവേറിയ പശ്‌ചാത്തലത്തിൽ ജനുവരി മുതൽ മോഡലുകളുടെ വില ഉയർത്തുമെന്ന് മാരുതി സുസുക്കി വ്യക്തമാക്കി. എൻട്രി-ലെവൽ കാറായ ഓൾട്ടോ (വില 2.89 ലക്ഷം രൂപ) മുതൽ പ്രീമിയം മൾട്ടി പർപ്പസ് വാഹനമായ എക്‌സ്.എൽ6 (വില 11.47 ലക്ഷം രൂപ) ഉൾപ്പെടെ ആകർഷകമായ ഒട്ടനവധി മോഡലുകളാണ് മാരുതിയുടെ നിരയിലുള്ളത്.
നവംബറിൽ മാരുതിയുടെ വില്പന 1.9 ശതമാനം താഴ്‌ന്ന് 1.50 ലക്ഷം യൂണിറ്റുകളിലെത്തിയിരുന്നു. ആഭ്യന്തര വില്‌പന 1.6 ശതമാനം കുറഞ്ഞ് 1.43 ലക്ഷം യൂണിറ്റുകളുമായി. ഏതാനും മാസങ്ങളായി വാഹന വിപണി തളർച്ചയിലാണ്. വിപണിയിലേക്കുള്ള പണമൊഴുക്ക് കുറഞ്ഞതാണ് പ്രധാന തിരിച്ചടി. അതേസമയം, രണ്ടു കോടി ഉപഭോക്താക്കളെ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വാഹന നിർമ്മാണ കമ്പനിയെന്ന നേട്ടം കഴിഞ്ഞദിവസം മാരുതി സുസുക്കി സ്വന്തമാക്കിയിരുന്നു. വിറ്രാര ബ്രെസ, എസ്-ക്രോസ് എന്നിവയുടെ ബി.എസ്-6 പെട്രോൾ വേർഷൻ ഉടൻ വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് മാരുതി.