മുംബയ്: എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിന്റെ മകളും പാർട്ടി നേതാവുമായ സുപ്രിയ സുലെയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നതായി സ്വകാര്യ മറാത്തി ചാനലിനു നൽകിയ അഭിമുഖത്തിൽ പവാർ വെളിപ്പെടുത്തിയെന്ന വാർത്തകൾക്കു പിന്നാലെ റിപ്പോർട്ടുകൾ അദ്ദേഹം നിഷേധിച്ചു. രാഷ്ട്രീയരംഗത്ത് മകളുടെ മികവിനെക്കുറിച്ചു മാത്രമാണ് മോദി സംസാരിച്ചതെന്നു വിശദമാക്കിയ പവാർ, പ്രധാനമന്ത്രി തനിക്ക് രാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്തെന്ന വാർത്തകളും നിഷേധിച്ചു.
ബി.ജെ.പിയുമായി ചേർന്നു പ്രവർത്തിക്കാൻ മോദി ആവശ്യപ്പെട്ടതായി പവാർ അഭിമുഖത്തിൽ വെളിപ്പെടുത്തിയെന്നായിരുന്നു മറ്റൊരു റിപ്പോർട്ട്. പ്രധാനമന്ത്രിയുമായി നല്ല സൗഹൃദമുണ്ടെന്നും അത് അതേപടി തുടരുമെന്നും പറഞ്ഞ പവാർ, ഒന്നിച്ചു പ്രവർത്തിക്കാൻ സാധ്യമല്ലെന്ന് അപ്പോൾത്തന്നെ അറിയിച്ചതായും വിശദമാക്കി. എപ്പോഴാണ് മോദി ഇത്തരമൊരു ആവശ്യം പ്രകടിപ്പിച്ചതെന്ന് അഭിമുഖത്തിൽ പവാർ വെളിപ്പെടുത്തിയില്ല. ബി.ജെ.പിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനെക്കാൾ എളുപ്പം ശിവസേനയുമൊത്ത് പ്രവർത്തിക്കുന്നതാണെന്നും പവാർ പറഞ്ഞു.