sarad-pawar

മുംബയ്: എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിന്റെ മകളും പാർട്ടി നേതാവുമായ സുപ്രിയ സുലെയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നതായി സ്വകാര്യ മറാത്തി ചാനലിനു നൽകിയ അഭിമുഖത്തിൽ പവാർ വെളിപ്പെടുത്തിയെന്ന വാർത്തകൾക്കു പിന്നാലെ റിപ്പോർട്ടുകൾ അദ്ദേഹം നിഷേധിച്ചു. രാഷ്ട്രീയരംഗത്ത് മകളുടെ മികവിനെക്കുറിച്ചു മാത്രമാണ് മോദി സംസാരിച്ചതെന്നു വിശദമാക്കിയ പവാ‌ർ, പ്രധാനമന്ത്രി തനിക്ക് രാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്തെന്ന വാർത്തകളും നിഷേധിച്ചു.

ബി.ജെ.പിയുമായി ചേർന്നു പ്രവർത്തിക്കാൻ മോദി ആവശ്യപ്പെട്ടതായി പവാർ അഭിമുഖത്തിൽ വെളിപ്പെടുത്തിയെന്നായിരുന്നു മറ്റൊരു റിപ്പോർട്ട്. പ്രധാനമന്ത്രിയുമായി നല്ല സൗഹൃദമുണ്ടെന്നും അത് അതേപടി തുടരുമെന്നും പറ‌ഞ്ഞ പവാർ, ഒന്നിച്ചു പ്രവർത്തിക്കാൻ സാധ്യമല്ലെന്ന് അപ്പോൾത്തന്നെ അറിയിച്ചതായും വിശദമാക്കി. എപ്പോഴാണ് മോദി ഇത്തരമൊരു ആവശ്യം പ്രകടിപ്പിച്ചതെന്ന് അഭിമുഖത്തിൽ പവാർ വെളിപ്പെടുത്തിയില്ല. ബി.ജെ.പിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനെക്കാൾ എളുപ്പം ശിവസേനയുമൊത്ത് പ്രവർത്തിക്കുന്നതാണെന്നും പവാർ പറ‌ഞ്ഞു.

അജിത് കുറ്റസമ്മതം നടത്തി

ബി.ജെ.പിക്കൊപ്പം ചേർന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ത്രികക്ഷി സഖ്യത്തെ വെട്ടിലാക്കിയ അജിത് പവാറിന്റെ നടപടി പൊറുക്കാനാവാത്ത തെറ്റാണെന്ന് പവാ‌ർ പറഞ്ഞു. ഇക്കാര്യത്തിൽ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് അജിത്തിന് മുന്നറിയിപ്പു നൽകിയിരുന്നെന്നും

ക്ഷമിക്കാനാവാത്ത കുറ്റമാണ് അജിത് ചെയ്തതെന്നും പവാർ പറഞ്ഞു.

ബി.ജെ.പിക്ക് പിന്തുണ നൽകിയതിൽ അജിത് പവാർ തന്നോട് കുറ്റസമ്മതം നടത്തിയതായും പവാർ പറഞ്ഞു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനൊപ്പം അജിത് പവാർ സത്യപ്രതിജ്ഞ ചെയ്യേണ്ടെന്നുള്ളത് ബോധപൂർവം എടുത്ത തീരുമാനമായിരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് രാജിവച്ച ഉടൻ തന്നെ വീണ്ടും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിലെ അനൗചിത്യം കണക്കിലെടുത്തായിരുന്നു ഇതെന്നും പവാർ കൂട്ടിച്ചേർത്തു.