കിളിമാനൂർ: കിളിമാനൂർ കീഴ്പ്പേരൂരിലെ രത്നാകരൻ പിള്ളയുടെ പൂരയിടത്തിൽ നിന്നും നിധി കണ്ടെടുത്തു. മുൻ വാർഡ് മെമ്പർ കൂടിയായ ബി. രത്നാകരൻ പിള്ളയുടെ പടിഞ്ഞാറ്റിൻകര ക്ഷേത്രത്തിനു സമീപമുള്ള പുരയിടത്തിൽ നിന്നാണ് ഒരു കുടത്തിൽ രാജഭരണ കാലത്തെ ശംഖു ചക്രങ്ങൾ കണ്ടെടുത്തത്. പുരയിടം കിളയ്ക്കുന്നതിനിടയിൽ നിധികുംഭം ശ്രദ്ധയിൽപെടുകയായിരുന്നു.

ശ്രീ ചിത്തിര തിരുന്നാൾ ബാലരാമ വർമ്മയുടെ കാലത്തെ ചക്രങ്ങളാണിതെന്നാണ് ചരിത്ര ഗവേഷകർ പറയുന്നത്. ഇരുപത് കിലോഗ്രാം തൂക്കമുള്ള രണ്ടായിരത്തി അറന്നൂറ് നാണയങ്ങളാണ് കണ്ടെടുത്തത്. അക്കാലത്തെ മൂല്യം അനുസരിച്ച് ആയിരം ഏക്കർ ഭൂമി വാങ്ങാൻ കഴിയുമെന്നാണ് പുരാവസ്തു അധികൃതർ പറയുന്നത്.

മുൻ പഞ്ചായത്ത് മെമ്പർ കൂടിയ രത്നാകരൻ നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനാണ്. രണ്ട് വർഷം മുമ്പുണ്ടായ കൊടും വരൾച്ചയിൽ സ്വന്തമായി കുളം കുഴിച്ച് നാട്ടുകാർക്ക് വെള്ളം കൊടുത്തയാളാണ് രത്നാകരൻ പിള്ള. അതേസമയം ലക്ഷങ്ങളുടെ കടബാധ്യതയുള്ള രത്നാകരന് കഴിഞ്ഞ വർഷത്തെ ക്രിസ്മസ് ബംബർ സമ്മാനം തേടിയെത്തുകയും ചെയ്തു. ആറുകോടിയായിരുന്നു സമ്മാനത്തുക. നികുതി ഒടുക്കിയതിന് ശേഷമുള്ള 4 കോടിയിൽ ഏതാണ്ട് പകുതിയും നാട്ടുകാർക്ക് വേണ്ടിയാണ് രത്നാകരൻ വിനിയോഗിച്ചത്. പാവപ്പെട്ടവരെ സഹായിക്കാൻ ഇനിയും തയ്യാറായ രത്നാകരൻ പിള്ളയ്ക്ക് ലഭിച്ച മറ്റൊരു സമ്മാനമാണ് ഈ നിധിയെന്നാണ് നാട്ടുകാർ പറയുന്നത്.

ratnakaran