ഷൂട്ടൗട്ടിൽ ഗോകുലത്തെ തകർത്ത് എസ്.ബി.ഐ കേരള മേയേഴ്സ് ഗോൾഡ് കപ്പ് സ്വന്തമാക്കി
തിരുവനന്തപുരം : അവസാന നിമിഷം വരെ ഒരു ഗോളിന് പിന്നിൽ നിന്നശേഷം ഇൻജുറി ടൈമിലെ പെനാൽറ്റി ഗോളിലൂടെ സമനില. തുടർന്ന് ഷൂട്ടൗട്ടിൽ എതിരാളികളെ ഒറ്റകിക്കുപോലും വലയിലാക്കാൻ അനുവദിക്കാതെ അപൂർവ ഗോൾകീപ്പിംഗ് മികവിലൂടൊരു ജയം. ഇന്നലെ നടന്ന കലാശക്കളിയുടെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഗോകുലം എഫ്സിയുടെ മോഹങ്ങൾ തകർത്ത് എസ്ബിഐ കേരള മേയേഴ്സ് ഗോൾഡ് കപ്പിൽ മുത്തമിട്ടത് ഇങ്ങനെയായിരുന്നു.
നിശ്ചിത സമയത്ത് 1-1ന് സമനിലയിൽ പിരിഞ്ഞ ഫൈനലിന്റെ ഷൂട്ടൗട്ടിൽ എസ്.ബി.ഐ രണ്ട് കിക്കുകൾ ഗോളാക്കിയപ്പോൾ ഗോകുലത്തിന് ഒന്നും വലയിലാക്കാനായില്ല. നാലുകിക്കുകൾ തട്ടിയകറ്റിയ എസ്.ബി.ഐ ഗോളി മിഥുനായിരുന്നു മത്സരത്തിലെ സൂപ്പർ താരം.
ഷൂട്ടൗട്ടിൽ ആദ്യ കിക്കെടുത്ത ബാങ്ക് താരം ഷൈജു മോന് പിഴച്ചു. ഉയർത്തിയടിച്ച പന്ത് ബാറിൽ തട്ടി. ഗോകുലത്തിന്റെ സ്റ്റീഫൻ ഒബാക്കോക്കയുടെ ഷോട്ടും ബാറിന് മുകളിലൂടെ പുറത്തേക്ക്. ബാങ്ക് ടീമിനായ് രണ്ടാമത് എത്തിയത് ജെൻസൺ. ഗോകുലത്തിന്റെ ഗോൾകീപ്പർ സത്യജിത്ത് ബോർഡലോയ് ചാടിയത് വലത്തേക്ക്. കണക്ക് തെറ്റി. പന്ത് ഇടതുമൂലയിൽ. എസ്ബിഐ–-1. മറുപടി നൽകാൻ വന്ന മുഹമ്മദ് ജാസിമിന്റെ ഷോട്ട് എസ്ബിഐ ഗോൾകീപ്പർ മിഥുന്റെ കയ്യിലേക്ക്. തുടർന്ന് എസ്ബിഐ താരങ്ങളായ ജിജോ, ഉസ്മാൻ എന്നിവർക്കും ഗോകുലത്തിന്റെ വിശാൽകുമാർ, ലാൽറിൻ സുല എന്നിവർക്കും ലക്ഷ്യം തെറ്റി. എസ്ബിഐയുടെ അവസാന കിക്കെടുക്കാൻ എത്തിയത് എസ് സീസൻ. ലക്ഷ്യം കണ്ടാൽ ജയം. സീസന്റെ ഷോട്ട് ഇടത് പോസ്റ്റിൽ തട്ടി അകത്തേക്ക്. ബാങ്കുകാർക്ക് കപ്പ്.
ചുരുങ്ങിയത് അഞ്ച് ഗോളുകൾക്ക് സ്വന്തമാക്കേണ്ട കളി പെനാൽറ്റിയിൽ എത്തിച്ചത് എസ്ബിഐ മുന്നേറ്റ നിര. ഗോളെന്നുറപ്പിച്ച അഞ്ചിലധികം അവസരങ്ങളാണ് കളഞ്ഞത്. പതിനഞ്ചാം മിനിട്ടിൽ ആദ്യ ഗോൾ നേടിയത് ഗോകുലം എഫ്സി. സ്റ്റീഫൻ ഒബാക്കോയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കാണ് ഗോകുലത്തിന് ഗോളിലേക്കുള്ള വഴിതുറന്നത്. ലാൽ മൻസോവയുടെ മനോഹരാമായ ഷോട്ട്. ഗോകുലം–-1. തിരിച്ചടിക്കാനുള്ള ആവേശത്തോടെ തുടർച്ചയായി എസ്ബിഐ താരങ്ങൾ ഗോകുലത്തിന്റെ ബോക്സിൽ പന്തുമായി പാഞ്ഞടുത്തു. ഗോൾ കീപ്പർ സത്യജിത്ത് ബോർഡലോ എതിരാളികളുടെ രക്ഷകനായി. ഫിനിഷിംഗിലെ പിഴവും കൂടിയായപ്പോൾ ഗോൾ അകന്നുനിന്നു. ഒടുവിൽ ഇഞ്ചുറിടൈമിൽ എസ്ബിഐക്ക് അനുകൂലമായി പെനാൽറ്റി. സെബിൻവിക്ടറിന്റെ കരുത്തൻ അടി ഗോൾപോസ്റ്റിനകത്ത് നിന്ന ഒബാക്കോയുടെ കയ്യിൽതട്ടി. പെനാൽറ്റി എടുത്ത ജിജോ ജോസഫ് ഗോകുലത്തിന്റെ വലകുലുക്കി.
23 വർഷത്തെ ഇടവേള
വീണ്ടും അതേ ചാമ്പ്യൻ
23 വർഷത്തിന് ശേഷമാണ് തിരുവനന്തപുരം നഗരം മേയേഴ്സ് കപ്പിന് വേദിയായത്. 1996ൽ നടന്ന ടൂർണമെന്റിൽ ചാമ്പ്യന്മാരായിരുന്നത് ഇന്നത്തെ എസ്.ബി.ഐയുടെ ലയനത്തിന് മുമ്പുള്ള എസ്.ബി.ടി ആയിരുന്നു. അന്ന് ഫൈനലിൽ കീഴടക്കിയത് കെൽട്രോണിനെ.