mahua-moithra

ന്യൂഡൽഹി: ലോക്സഭയിൽ കേന്ദ്ര സർക്കാരിന്റെ ഫാഷിസ്റ്റ് നയങ്ങൾക്കെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് തൃണമൂൽ എം.പിയായ മഹ്വ മൊയ്ത്ര ആദ്യമായി മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. എന്നാൽ ചങ്കൂറ്റത്തിനും നിലപാടുകൾക്കും പേരുകേട്ട തൃണമൂലിന്റെ ഈ പെൺസിംഹത്തിന്റെ മറ്റൊരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. പേരുകേട്ട മാദ്ധ്യമപ്രവർത്തകനായ രാജ്ദീപ് സർദേശായിയുടെ ചോദ്യത്തിന് കുറിക്കുകൊള്ളുന്ന ഉത്തരം നൽകുന്ന മൊഹ്വയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഡൽഹിയിലെ നെഹ്‌റു സ്മാരകത്തിൽ വച്ചുള്ള ഇന്ത്യ ടുഡേയുടെ ഒരു ചടങ്ങിനിടെയാണ് സംഭവം നടന്നത്. അന്ധമായ മോദി വിരോധം കാരണമാണോ പൊതുവായ ഒരു പ്രത്യയശാസ്ത്രത്തിന്റെ അഭാവത്തിലും പ്രതിപക്ഷ പാർട്ടികൾ മോദിക്കും അമിത് ഷായ്ക്കും എതിരെ പോരാടുന്നതെന്നും രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം ഉണ്ടെന്ന് നിങ്ങൾ പറയുന്നത് അതിശയോക്തിയല്ലേ എന്നുമായിരുന്നു മഹ്വ മൊയ്ത്രയോടുള്ള സർദേശായിയുടെ ചോദ്യം. ചോദ്യത്തിന് പശ്ചിമ ബംഗാൾ എം.പി ഉത്തരം നൽകിയത് ഇങ്ങനെ.

'ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ രാജ്യത്തിന്റെ ആത്മാവിനെ രക്ഷിക്കുക എന്നതാണ്. രാജ്യത്തെ രണ്ടാക്കുകയാണ് മോദിയും അമിത് ഷായും ചെയ്യുന്നത്. പ്രത്യശാസ്ത്രങ്ങളോ അതുപ്പോലുള്ള മറ്റു കാര്യങ്ങളല്ല ഇവിടെ പ്രധാനം എന്നാണ് ഞാൻ കരുതുന്നത്. ചോര മരവിപ്പിക്കുന്ന ഈ ഭീതിയുടെ അന്തരീക്ഷത്തിലും അതിനെതിരെ പോരാടിയവർ എന്ന രീതിയിലാകും വരുന്ന അൻപത് വർഷത്തിൽ ഞങ്ങൾ അറിയപ്പെടുക.' മഹ്വ പറഞ്ഞു.

ഭീതിയുടെ അന്തരീക്ഷം എന്നത് പ്രതിപക്ഷം അത്യുക്തി കലർത്തി പറയുന്ന കാര്യമല്ലേ എന്ന സർദേശായിയുടെ ചോദ്യത്തിനും മഹ്വയുടെ കൈയിൽ ഉത്തരം തയ്യാറായിരുന്നു. ' നിങ്ങളുടെ സഹപ്രവർത്തകരുടെ മേൽ പോലും അവർ ചാരപ്രവർത്തി നടത്തുമ്പോൾ, വിചാരണ കൂടാതെ ആളുകൾ ജയിലിൽ അടയ്ക്കപ്പെടുമ്പോൾ, ഒരു സർക്കാർ അതിരാവിലെ 5.47 സത്യപ്രതിജ്ഞ ചെയ്യുമ്പോൾ, നിയമപരമായ ഇടപെടലിനെ കുറിച്ച് ഒരു മന്ത്രിതന്നെ സഭയ്ക്ക് മുന്നിൽ അസത്യം പറയുമ്പോൾ, ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നൊരു ഗവർണർ പറഞ്ഞ ശേഷം തിങ്കളാഴ്ചയാകുമ്പോൾ ഒരു സംസ്ഥാനം കേന്ദ്ര ഭരണ പ്രദേശങ്ങളായി മാറുമ്പോൾ... ഇക്കാര്യങ്ങളൊക്കെ ഈ രാജ്യത്ത് നടക്കുമ്പോൾ ഞാൻ അതിശയോക്തി പറയുകയാണ് എന്നാണോ രാജ്ദീപ് നിങ്ങൾ പറയുന്നത്? നിങ്ങൾ ഇക്കാര്യങ്ങളൊക്കെ റിപ്പോർട്ട് ചെയ്തതതാണ്. ഞാൻ ഇതേക്കുറിച്ചുള്ള എന്റെ അഭിപ്രായങ്ങൾ മാത്രമാണ് പറയുന്നത്.'

മഹ്വയുടെ പ്രതികരണത്തിന് മുൻപിൽ രാജ്ദീപ് സർദേശായിക്ക് അക്ഷരാർത്ഥത്തിൽ ഉത്തരം മുട്ടുന്നതായാണ് വീഡിയോയിൽ കാണുന്നത്. ഒടുവിൽ 'നിങ്ങളുടെ പ്രസംഗങ്ങൾ എന്തുകൊണ്ടാണ് വൈറലാകുന്നതെന്ന്' ഇപ്പോൾ എനിക്ക് മനസിലായെന്ന് ജാള്യതയോടെ സമ്മതിക്കുന്ന സർദേശായിക്കും കാണികൾക്കും മുൻപിൽ വച്ച് മഹ്വ പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.