isis

ന്യൂഡൽഹി: ഐസിസിൽ ചേർന്ന എറണാകുളം സ്വദേശിനിയായ യുവതി കീഴടങ്ങിയതായി വിവരം. വൈറ്റില സ്വദേശിയായ സോണിയ സെബാസ്റ്റ്യൻ(ആയിഷ) ആണ് കീഴടങ്ങിയിരിക്കുന്നത്. തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശിയും ഐസിസ് റിക്രൂട്ടറുമായിരുന്ന, കൊല്ലപ്പെട്ട അബ്‌ദുൾ റാഷിദിന്റെ ഭാര്യയാണ് ആയിഷ. ഇവരെ രാജ്യത്തേക്ക് തിരികെ എത്തിക്കാനായി നടപടികൾ ആരംഭിച്ചതായി എൻ.ഐ.എ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് അഫ്‌ഗാനിസ്ഥാനിൽ അറുനൂറോളം ഐസിസ് ഭീകരവാദികൾ കീഴടങ്ങിയതായും അക്കൂട്ടത്തിൽ ഒരു മലയാളി യുവതി ഉള്ളതായും വിവരം ലഭിച്ചിരുന്നു. കീഴടങ്ങിയ ഐസിസ് ഭീകരവാദികളുടെ ചിത്രങ്ങൾ പൊതുമണ്ഡലത്തിൽ പ്രചാരത്തിലായിരുന്നു. ഈ ചിത്രങ്ങൾക്കിടയിൽ നിന്നുമാണ് സോണിയയുടെ ചിത്രം ശ്രദ്ധയിൽ പെടുന്നത്.

ചിത്രത്തിൽ സോണിയ കൈക്കുഞ്ഞുമായി നിൽക്കുന്നതായാണ് കാണപ്പെടുന്നത്. കുഞ്ഞിന് എന്ത് സംഭവിച്ചുവെന്ന് അറിവായിട്ടില്ല. 2016ൽ ഇറാനിൽ നിന്നും കാൽനടയായാണ് സോണിയയും അബ്‌ദുൾ റാഷിദും അഫ്‌ഗാനിസ്ഥാനിൽ എത്തുന്നത്. ഐസിസിൽ ചേർക്കാനായി 21 പേരുമായാണ് റാഷിദ് ഇവിടേക്ക് എത്തിയത്. റാഷിദിനെ കണ്ടുമുട്ടും മുൻപ് ക്രിസ്ത്യൻ മതവിശ്വാസിയായിരുന്ന സോണിയയ്ക്ക് എൻജിനീയറിംഗിൽ ബിരുദവും എം.ബി.എ ബിരുദാനന്തര ബിരുദവുമുണ്ട്. കോഴിക്കോട് പീസ് അന്താരാഷ്ട്ര സ്‌കൂളിലെ അദ്ധ്യാപകനായിരുന്ന റാഷിദ് മുസ്ലിം മതത്തിൽ പെട്ടവരെയും മറ്റ് മതവിഭാഗങ്ങളിൽ നിന്നും ഉള്ളവരെയും ഐസിസിന്റെ ഭാഗമാക്കിയിരുന്നു.