തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ അധികാര ദുർവിനിയോഗം നടത്തിയെന്ന് ഗവർണറുടെ ഓഫീസ് സെക്രട്ടറിയുടെ റിപ്പോർട്ട്. സാങ്കേതിക സര്‍വകലാശാലയിലെ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാനുള്ള മന്ത്രിയുടെ ഇടപെടല്‍ നിമയവിരുദ്ധമാണെന്ന് കാണിച്ചുകൊണ്ടുള്ള ഈ റിപ്പോർട്ട് ഗവർണർ ആരീഫ് മുഹമ്മദ് ഖാന് കൈമാറിയിട്ടുണ്ട്.
ഗവർണറുടെ അനുവാദം വാങ്ങാതെ സാങ്കേതിക സർവകലാശാല അദാലത്തിൽ പങ്കെടുത്തത് തെറ്റാണെന്നും, തോറ്റ വിദ്യാർത്ഥിയുടെ ഉത്തരക്കടലാസ് മൂന്നാമതും മൂല്യനിർണയം നടത്താൻ വി.സി അനുവദിക്കരുതായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ട് ഗവർണർ പരിശോധിച്ച് വരികയാണെന്നും അതിന് ശേഷം നടപടിയെടുക്കുമെന്നും രാജ്‌ഭവൻ അറിയിച്ചു.
കൊല്ലത്തെ ഒരു എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിക്ക് ജയിക്കാൻ 45 മാർക്ക് വേണ്ട ആറാം സെമസ്റ്ററിലെ ഡെെനാമിക്ക് പേപ്പറിന് 29 മാർക്കേ ലഭിച്ചിരുന്നുള്ളൂ. ഇയാൾ പുന:പരിശോധനയ്ക്ക് അപേക്ഷിച്ചെങ്കിലും 32 മാർക്കേ കിട്ടിയുള്ളൂ. തുടർന്നാണ് കൊല്ലം ജില്ലയിലെ സി.പി.എം അനുഭാവമുള്ള കുടുംബത്തിൽ നിന്നുള്ള ഇയാളെ ജയിപ്പിക്കാൻ അധികൃതർ ശ്രമം തുടങ്ങിയത്. വിദ്യാർത്ഥി സമർത്ഥനാണെന്നും, മൂല്യനിർണയത്തിലെ പിഴവ് കൊണ്ടാണ് തോറ്റതെന്നും, അതിനാൽ ഒരിക്കൽ കൂടി പുന:പരിശോധിക്കണമെന്നും കാണിച്ച് ഇപ്പോഴത്തെ പ്രോ വെെസ് ചാൻസലർ ആയ അന്നത്തെ കോളേജ് പ്രിൻസിപ്പൽ സർവകലാശാലയ്ക്ക് കത്തെഴുതി. ഇതിന് ചട്ടം അനുശാസിക്കുന്നില്ലെന്ന് കാണിച്ച് വി.സി അപേക്ഷ നിരസിച്ചു.
തുടർന്നാണ് കാലവിളംബം ഉളള ഫയലുകൾ തീർപ്പാക്കാൻ സർവകലാശാല സംഘടിപ്പിച്ച ഫയൽ അദാലത്തിൽ മന്ത്രിയുടെ നിർദേശാനുസരണം തോറ്റ വിദ്യാർത്ഥിയുടെ അപേക്ഷ കൂടി പരിഗണിച്ചത്. ഈ അദാലത്തിൽവച്ച് രണ്ടംഗ കമ്മിറ്റി രൂപീകരിച്ച് ഒരിക്കൽ കൂടി പുനപരിശോധന നടത്താൻ തീരുമാനിച്ചു. വിദ്യാർത്ഥിക്ക് മൂല്യനിർണയത്തിൽ കൂടുതൽ മാർക്ക് ലഭിച്ചാൽ ആദ്യ മൂല്യ നിർണയം നടത്തിയവർക്കെതിരെ നടപടി കെെകൊളളാനും നിർദേശമുണ്ടായി. കമ്മിറ്റി വിദ്യാർത്ഥിക്ക് 48 മാർക്കും നൽകി. മൂല്യ നിർണയത്തിനോ പുനർമൂല്യ നിർണയത്തിനോ കമ്മിറ്റിയെ നിയോഗിക്കാൻ ചട്ടമില്ല. ചട്ട പ്രകാരം കാലവിളംബം വരുന്ന ഫയലുകളിൽ തീർപ്പ് കൽപ്പിക്കാൻ മാത്രമാണ് അദാലത്ത്.