ലിവിങ് ടുഗദറിൽ കൂടയുണ്ടായിരുന്ന വ്യക്തിയിൽ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് നടിയും ട്രാന്‍സ് ജെന്‍ഡറുമായ അഞ്ജലി അമീർ. കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് സ്വദേശി വി.സി അനസിനെതിരെയാണ് അഞ്ജലി അമീറിന്റെ ആരോപണം. ഫേസ്ബുക്ക് ലൈവിലൂടെയാണ് നടി വിവരം പുറത്തുവിട്ടത്. താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ അയാള്‍ മാത്രമാകും ഉത്തരവാദിയെന്നും താരം പറഞ്ഞു
'ഫ്രണ്ട്‌സ് എനിക്ക് പറയാനുള്ളത് ഒരുതരത്തിലും ഇഷ്ടമില്ലാത്ത ഒരു വ്യക്തിയുമായി പല സാഹചര്യങ്ങളിലും ലിവിംഗ് ടുഗതറിൽ ഏർപ്പെടേണ്ടിവന്നു. ആദ്യം അയാളെന്നെ ചീറ്റ് ചെയ്തപ്പോൾ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇപ്പോൾ അയാൾ പറയുന്നത് ഞാൻ കൂടെ ജീവിച്ചില്ലെങ്കിൽ എന്നെ കൊന്നു കളയും, അല്ലെങ്കിൽ ആസിഡ് മുഖത്തൊഴിക്കുമെന്നാണ്. എനിക്ക് ഒരു തരത്തിലും കൂടെ ജീവിക്കാൻ അഗ്രഹമില്ല. ലോകത്തൊരാളെ വെറുക്കുന്നുണ്ടെങ്കിൽ അത് ആ വ്യക്തിയെ മാത്രമാണ്. ഞാൻ പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. എനിക്ക് അയാൾ നാല് ലക്ഷം രൂപയോളം തരാനുണ്ട്.
മാനസികമായി അടുപ്പമില്ലെങ്കിൽ പോലും ഞങ്ങൾ ഒരുമിച്ച് ഒരു വീട്ടിൽ തന്നെയായിരുന്നു താമസം. ഒന്നരവർഷത്തോളമായി ആ വ്യക്തി ജോലിക്ക് പോകുന്നില്ല. അയാൾ കരുതുന്നത് എനിക്ക് അച്ഛനും അമ്മയുമില്ലാത്തത് കൊണ്ട് ചോദിക്കാൻ ആരുമില്ലെന്നാണ്. ഞാൻ ആത്മഹത്യയുടെ വക്കിലാണ്. മാനസികമായും ശാരീരികമായും തളർന്നിരിക്കുന്ന അവസ്ഥയിലാണ് ലൈവിൽ വന്നത്, അത്രയ്ക്കും മതിയായി. എനിക്ക് വേറെയാരോടും പറയാനില്ല. അതുകൊണ്ടാണ് ഞാൻ ലൈവിൽ വന്നത്. വേറൊരു നിവൃത്തിയില്ലാത്തതു കൊണ്ടാണ്. കാലും കൈയും പിടിച്ച് ഞാൻ പറഞ്ഞതാണ് എന്നെ ഒഴിവാക്കിയേക്കെന്ന്. അവന്റെ വീട്ടുകാരോട് ഒന്നേ പറയാനുള്ളു നിങ്ങളുടെ മോനെ നിങ്ങൾക്ക് വളർത്താൻ പറ്റില്ലെങ്കിൽ കൊന്നു കളഞ്ഞേക്കൂ,വെറുതെ ബാക്കിയുള്ളവർക്ക് ദുരിതമാക്കരുത്'-നടി പറഞ്ഞു.