ഓച്ചിറ: പതിനൊന്നു വയസുള്ള പെൺകുട്ടിക്ക് കാഴ്ച ശക്തി ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് മന്ത്രവാദം നടത്തി രണ്ടു ലക്ഷം രൂപ തട്ടിയെടുത്തതായി ഡി.വൈ.എഫ്.എെ ക്ലാപ്പന വെസ്റ്റ് മേഖലാ സെക്രട്ടറി രജത് ഓച്ചിറ പൊലീസിൽ പരാതിനൽകി. അതേസമയം, വീട്ടുകാർ പരാതി കൊടുക്കാൻ തയ്യാറായില്ല. ആലുംപീടികയിലുള്ള കുടുംബക്ഷേത്രത്തിലെ പൂജാരി ആലുംമുക്ക് സുനാമി കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന പൂജാരി പ്രസാദ് കുട്ടനെതിരെയാണ് പരാതി. തങ്ങളെ സാമൂഹ മാദ്ധ്യമങ്ങളിൽക്കൂടി അപമാനിച്ചതിന് പരാതി നൽകാനൊരുങ്ങുകയാണ് രക്ഷിതാക്കൾ. ക്ഷേത്രത്തിലെ സന്ദർശകരായിരുന്നു പുതുപ്പള്ളി സ്വദേശികളായ അമ്മയും മകളും.
പിതാവ് വിദേശത്താണ്. കാഴ്ചശക്തി ലഭിക്കുന്നതിനുള്ള ചികിത്സയിലായിരുന്നു പെൺകുട്ടി. 45 ദിവസത്തെ പൂജ നടത്തിയാൽ കാഴ്ച ശക്തി ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു. കണ്ണുകൾ മൂടികെട്ടി കുട്ടിയെ പൂജയ്കാകയി ക്ഷേത്രത്തിന് മുന്നിൽ ഇരുത്തി. ഒപ്പം കുടുംബാംഗങ്ങളെയും ഇരുത്തി. ഉച്ചത്തിലുള്ള മന്ത്രം ചൊല്ലകളും ഭസ്മം എറിയലും വെള്ളം കുടയലുമൊക്കയായി ഉച്ചയ്ക്ക് ഒരു മണിവരെ പൂജകൾ നീണ്ടും
45ാം ദിനമായ ഞായറാഴ്ച നൂറുകണക്കിന് നാട്ടുകാരുടെ സാന്നിദ്ധ്യത്തിലാണ് പൂജ അവസാനിപ്പിച്ചത്. തുടർന്ന് തന്നെ കാണാമോ എന്ന് പൂജാരി ചോദിച്ചപ്പോൾ പെൺകുട്ടി സമ്മതിക്കുകയായിരുന്നു. തിരികെ വീട്ടിൽ എത്തിയപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി മാതാവിന് മനസിലായത്. തുടർന്ന് ഡി.വൈ.എഫ്.എെ നേതാക്കൾ ഇടപെട്ടെങ്കിലും മാതാവ് പരാതി നൽകാൻ വിസമ്മതിച്ചു. പെൺകുട്ടിയെ അപമാനിക്കുന്നരീതിയിലാണ് പടവും വാർത്തയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതെന്നും ഇത് തങ്ങൾക്ക് അപമാനമാണെന്നും പൊലീസിൽ പരാതി നൽകുമെന്നും പെൺകുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു.