ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ഓരോ അപ്ഡേറ്റിലും പുതുപുത്തൻ സംവിധാനങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്ന സോഷ്യൽ മീഡിയയാണ് വാട്സാപ്പ്. അയച്ച മെസേജ് ഡിലീറ്റ് ചെയ്യുന്നതും, സ്റ്റാറ്റസ് ആർക്കൊക്കെ കാണാം എന്ന് ഉപഭോക്താക്കൾക്ക് തീരുമാനിക്കാമെന്നതുൾപ്പെടെ നിരവധി ഫീച്ചറുകൾ വാട്സാപ്പ് ഇതിനോടകം തന്നെ കൊണ്ടുവന്നു കഴിഞ്ഞു. ഇപ്പോഴിതാ മുമ്പ് പരീക്ഷിച്ച പുതുമകളെയെല്ലാം ഒരുമിച്ച് അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
അയച്ച മെസേജുകൾ ഒരു നിശ്ചിത സമയത്തിനുള്ളിൽ ഡിലീറ്റ് ചെയ്യാവുന്ന സംവിധാനം നിലവിലുണ്ട്. എന്നാൽ സന്ദേശങ്ങൾ അയക്കുന്നതിന് മുമ്പ് തന്നെ അത് എപ്പോൾ ഡിലീറ്റ് ആവണമെന്ന് അടയാളപ്പെടുത്തുന്ന ഫീച്ചറാണ് വരാൻ പോകുന്നത്. ഒരു മണിക്കൂർ, ഒരു ദിവസം, ഒരാഴ്ച, ഒരു മാസം എന്നിങ്ങനെ ദൈർഘ്യം ക്രമീകരിക്കാം. ആ സമയം കഴിയുമ്പോൾ അത് മാഞ്ഞുപോകും.
ഒരു നമ്പറിൽ ഒറ്റ വാട്സാപ്പ് എന്നതിന് പരിഹാരമായി ഫേസ്ബുക്ക് അക്കൗണ്ട് പോലെ ഓരേ വാട്സാപ്പ് പല ഉപകരണങ്ങളിൽ ഉപയോഗിക്കാമെന്ന ഫീച്ചറും പുതിയ അപ്ഡേറ്റിൽ വരുന്നു. ഒരു ഉപഭോക്താവ് മറ്റൊരു ഉപകരണത്തിലേക്ക് ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ഫേസ്ബുക്കിന്റെ ലോഗിൻ സിസ്റ്റത്തിന് സമാനമായി നോട്ടിഫിക്കേഷൻ വരും.
കൂടാതെ അക്ഷരങ്ങളും മറ്റ് നിറങ്ങളിലുള്ള ഘടകങ്ങളും കണ്ണിന് സുഖകരമായ നിറങ്ങളിൽ മാറും. ഇതുവഴി ബാറ്റി ഉപയോഗവും കുറയ്ക്കാം. മ്യൂട്ട് ചെയ്ത സ്റ്റാറ്റസുകൾക്കു മാത്രമായുള്ള മ്യൂട്ടഡ് സ്റ്റാറ്റസ് ടാബ്, ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കോണ്‍ടാക്റ്റുകള്‍ സേവ് ചെയ്യാന്‍ കഴിയുന്ന സംവിധാനവുമുൾപ്പെടെ പുതുമകൾ വേറെയുമുണ്ട്. നിലവിൽ ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവർക്കാണ് ഈ സംവിധാനങ്ങൾ കിട്ടുക. വരും ദിവസങ്ങളിൽ വാട്സാപ് അപ്ഡേറ്റ് ചെയ്യുമ്പോൾ ഈ ഫീച്ചർ എല്ലാവർക്കും ലഭിക്കും.