ന്യൂഡൽഹി: വിപണിയിലേക്കുള്ള പണമൊഴുക്ക് കൂട്ടാനായി കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരം പൊതുമേഖലാ ബാങ്കുകൾ സംഘടിപ്പിച്ച വായ്‌പാ മേളയ്ക്ക് ലഭിച്ചത് മികച്ച പ്രതികരണം. ഉത്സവകാലം നിറഞ്ഞുനിന്ന ഒക്‌ടോബർ-നവംബർ മാസങ്ങളിലായി 4.91 ലക്ഷം കോടി രൂപയുടെ വായ്‌പകളാണ് പൊതുമേഖലാ ബാങ്കുകൾ നൽകിയത്. ഇത് റെക്കാഡാണ്.
വായ്‌പാ വിതരണ വളർച്ച മെച്ചപ്പെടുത്തി, ഉപഭോഗം വർദ്ധിപ്പിക്കുകയാണ് വായ്‌പാ മേളയിലൂടെ ധനമന്ത്രാലയത്തിന്റെ ലക്ഷ്യം. രാജ്യത്തെ 374 ജില്ലകളിലാണ് തദ്ദേശീയ സാമ്പത്തികാവശ്യം നിറവേറ്റുന്നതിനായി വായ്‌പാ മേളകൾ സംഘടിപ്പിച്ചത്. എം.എസ്.എം.ഇകൾ, കർഷകർ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ (എൻ.ബി.എഫ്.സി), കോർപ്പറേറ്റുകൾ, വ്യക്തികൾ തുടങ്ങിയവർക്ക് മേളയിൽ പരിഗണന ലഭിച്ചു.
ഒക്‌ടോബറിൽ 2.52 ലക്ഷം കോടി രൂപയും നവംബറിൽ 2.39 ലക്ഷം കോടി രൂപയുമാണ് പൊതുമേഖലാ ബാങ്കുകൾ വായ്‌പ നൽകിയത്. ചട്ടങ്ങളിലും നടപടിക്രമങ്ങളിലും വിട്ടുവീഴ്‌ച ചെയ്യാതെയായിരുന്നു വായ്‌പാ വിതരണമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
മുദ്രാ വായ്‌പ: കിട്ടാക്കടം 2.86 ശതമാനം മാത്രം
കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച മുദ്ര യോജനയിലൂടെ വിതരണം ചെയ്‌ത വായ്‌പകളിൽ 2.86 ശതമാനം മാത്രമാണ് കിട്ടാക്കടമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. മൊത്തം 6.04 ലക്ഷം കോടി രൂപയുടെ മുദ്രാ വായ്‌പകൾ വിതരണം ചെയ്‌തിട്ടുണ്ട്. 17,251.52 കോടി രൂപ മാത്രമാണ് നിഷ്‌ക്രിയ ആസ്‌തിയായി (എൻ.പി.എ) മാറിയത്.
തട്ടിപ്പുകാർ 51; തട്ടിയത് ₹17,900 കോടി
വിവിധ ബാങ്കുകളിൽ നിന്ന് 17,947.11 കോടി രൂപയുടെ തട്ടിപ്പുനടത്തി 51 പേർ രാജ്യം വിട്ടിട്ടുണ്ടെന്ന് കേന്ദ്ര ധനസഹമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. 66 കേസുകളാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. കുറ്റവാളികളെ ഇന്ത്യയിൽ തിരിച്ചെത്തിക്കാനുള്ള നടപടികൾക്ക് സി.ബി.ഐയും എൻഫോഴ്‌മെന്റ് ഡയറക്‌ടറേറ്റും നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.