governor-

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന് വലിയ പാരമ്പര്യമുണ്ടെന്നും,​ ആ പാരമ്പര്യം തകർക്കുന്ന നടപടി ആരിൽ നിന്നും ഉണ്ടാകരുതെന്നും താക്കീത് നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചട്ടവിരുദ്ധമായി മാര്‍ക്ക് നല്‍കി വിദ്യാര്‍ത്ഥിക്ക് ബിരുദം അനുവദിച്ച എം.ജി സർവകലാശാലയുടെ നടപടി തെറ്റാണെന്നും,​ ആ തെറ്റ് സർവകലാശാല അധികൃതർ തിരിച്ചറിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ നടപടികളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.

'കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേയും വൈസ് ചാന്‍സലര്‍മാരുടെ യോഗം ഈ മാസം 16-ാം തീയതി വിളിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്തിനുള്ള അന്തസും വിശ്വാസ്യതയും തകരാന്‍ ഞാന്‍ അനുവദിക്കില്ല. നിലവിലെ പ്രശ്നങ്ങളെപ്പറ്റിയെല്ലാം യോഗത്തിൽ ചർച്ചചെയ്യും'-ഗവർണർ പറഞ്ഞു. അതോടൊപ്പം സാങ്കേതിക സര്‍വകലാശാലയിലെ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാനുള്ള മന്ത്രിയുടെ ഇടപെടല്‍ നിമയവിരുദ്ധമാണെന്ന് കാണിച്ചുകൊണ്ടുള്ള റിപ്പോർട്ട് ഓഫീസ് സെക്രട്ടറിയിൽ നിന്ന് താൻ കൈപ്പറ്റിയില്ലെന്നും ഗവർണർ വ്യക്തമാക്കി. അതേസമയം, ഒരു നുണ ആയിരം തവണ ആവർത്തിച്ചാൽ സത്യമാകില്ലെന്നും, അനധികൃതമായ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും മന്ത്രി കെ.ടി ജലീൽ പ്രതികരിച്ചു. ഗവർണറുടെ പരാമർശം ഗൗരവത്തോടെ എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൊല്ലത്തെ ഒരു എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയെ ജയിപ്പിക്കാൻ ഇടപെട്ടുവെന്നാണ് മന്ത്രിക്കെതിരെയുള്ള ആരോപണം. ജയിക്കാൻ 45 മാർക്ക് വേണ്ട ആറാം സെമസ്റ്ററിലെ ഡെെനാമിക്ക് പേപ്പറിന് വിദ്യാർത്ഥിക്ക് 29 മാർക്കേ ലഭിച്ചിരുന്നുള്ളൂ. ഇയാൾക്ക് പുന:പരിശോധനയിൽ 32 മാർക്കേ കിട്ടിയുള്ളൂ. തുടർന്നാണ് കൊല്ലം ജില്ലയിലെ സി.പി.എം അനുഭാവമുള്ള കുടുംബത്തിൽ നിന്നുള്ള ഇയാളെ ജയിപ്പിക്കാൻ അധികൃതർ ശ്രമം തുടങ്ങിയത്. വിദ്യാർത്ഥി സമർത്ഥനാണെന്നും, മൂല്യനിർണയത്തിലെ പിഴവ് കൊണ്ടാണ് തോറ്റതെന്നും, അതിനാൽ ഒരിക്കൽ കൂടി പുന:പരിശോധിക്കണമെന്നും കാണിച്ച് ഇപ്പോഴത്തെ പ്രോ വെെസ് ചാൻസലർ ആയ അന്നത്തെ കോളേജ് പ്രിൻസിപ്പൽ സർവകലാശാലയ്ക്ക് കത്തെഴുതി. ഇതിന് ചട്ടം അനുശാസിക്കുന്നില്ലെന്ന് കാണിച്ച് വി.സി അപേക്ഷ നിരസിച്ചു.തുടർന്നാണ് കാലവിളംബം ഉളള ഫയലുകൾ തീർപ്പാക്കാൻ സർവകലാശാല സംഘടിപ്പിച്ച ഫയൽ അദാലത്തിൽ മന്ത്രിയുടെ നിർദേശാനുസരണം തോറ്റ വിദ്യാർത്ഥിയുടെ അപേക്ഷ കൂടി പരിഗണിച്ചത്. ഈ അദാലത്തിൽവച്ച് രണ്ടംഗ കമ്മിറ്റി രൂപീകരിച്ച് ഒരിക്കൽ കൂടി പുനപരിശോധന നടത്താൻ തീരുമാനിച്ചു. കമ്മിറ്റി വിദ്യാർത്ഥിക്ക് 48 മാർക്കും നൽകി. ഇതാണ് വിവാദമായത്.

എം.ജി സർവകലാശാലയും, സാങ്കേതിക സർവകലാശാലയിയുൾപ്പെടെയുള്ള സംസ്ഥാനത്തെ വിവിധ സർവകലാശാലകൾ പലതരം വിവാദം നേരിടുന്ന പശ്ചാത്തലത്തിലാണ് ഗവർണറുടെ താക്കീത്.​ തോറ്റ ബി.ടെക് വിദ്യാർത്ഥികൾക്ക് അഞ്ച് മാർക്ക് ‌ദാനം ചെയ്യാൻ എം.ജി സർവകലാശാലാ സിൻഡിക്കേറ്റ് കൈക്കൊണ്ട നിലപാടാണ് വിവാദമായത്. ദാനമായി നൽകിയ അഞ്ച് മാർക്കിൽ നൂറിലേറെ വിദ്യാർത്ഥികൾ വിജയിച്ചിരുന്നു.