കൊച്ചി: യുവ നടൻ ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിന്നും ഒഴിഞ്ഞുമാറി നടൻ ദിലീപ്. വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ നിന്നും വഴുതിമാറുകയായിരുന്നു ദിലീപ്. പുതിയ ചിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കിടയിലാണ് ദിലീപിനോട് ഷെയ്ൻ നിഗം വിഷയത്തിൽ മാദ്ധ്യമപ്രവർത്തകർ പ്രതികരണം ചോദിച്ചത്.
ഫിയോക് എന്ന സംഘടനയുടെ തുടക്കക്കാരിൽ പ്രധാനിയായ ദിലീപ് ഒരു നടനെ വിലക്കിയതിൽ എന്ത് അഭിപ്രായം പറയും എന്നായിരുന്നു ചോദ്യം. എന്നാൽ, താൻ ഈ നാട്ടുകാരനേ അല്ലെന്നും, താൻ ഇതേപ്പറ്റി ഒന്നും പറയുന്നില്ലെന്നും ദിലീപ് മറുപടി നൽകി.
"സിനിമയുടെ വിലക്കിനെതിരെയാണ് ഫിയോക് രൂപീകരിച്ചത്. ഇപ്പോൾ വിലക്കുന്നത് സംബന്ധിച്ച വാർത്തകൾ വന്നിരുന്നു. ഇതിലെന്താണ് പ്രതികരം. ചോദ്യത്തിന് ദിലീപിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഇപ്പോൾ തനിക്കൊന്നും സംസാരിക്കാൻ പാടില്ല, അതുകൊണ്ടാണ്. സിനിമയെ കുറിച്ച് മാത്രം. നോ അദർ ക്യൊസ്റ്റൻസ് , ഞാൻ ഈ നാട്ടുകാരനേ അല്ല"എന്നായിരുന്നു പ്രതികരിച്ചത്. എന്നാൽ, തന്റെ പുതിയ ചിത്രമായ "മെെ സാന്റെ"യെ കുറിച്ച് സംസാരിക്കുകയും ചെയ്തു. എന്റെർടെെൻമെന്റ് മൂവി ആണെന്നും കുട്ടികൾ-കുടുംബങ്ങൾ എല്ലാവർക്കും ഇഷ്ടമാകുന്ന സിനിമയായിരിക്കുമെന്നും ദിലീപ് പറഞ്ഞു.