തിരുവനന്തപുരം: സ്വന്തം ആവശ്യങ്ങൾക്കായി വീടുകളിൽ വെെൻ നിര്‍മിക്കുന്നത് കുറ്റകരമല്ലെന്ന് എക്‌സൈസ് കമ്മിഷണര്‍ എസ്.അനന്തകൃഷ്ണന്‍ ഐ.പി.എസ് പറഞ്ഞു. വൈന്‍ നിര്‍മിച്ച് നല്‍കുമെന്ന തരത്തിലുള്ള ചില പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ് ക്രിസ്മസ് പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട സര്‍ക്കുലറില്‍ വീടുകളിലെ വൈന്‍ നിര്‍മാണത്തിലും പ്രത്യേക ശ്രദ്ധയുണ്ടാവണമെന്ന് ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
എക്സെെസ് പുറപ്പെടുവിച്ച സർക്കുലർ വെെൻ നിരോധനം എന്ന തലത്തിലേക്ക് മാറ്റി വ്യാജ പ്രചാരണം നടത്തുന്നത് മറ്റ് ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണെന്നും എക്‌സൈസ് കമ്മിഷണര്‍ വ്യക്തമാക്കി. വൈന്‍ നിര്‍മിച്ച് പുറത്തു നല്‍കുക എന്നത് അനുവദിക്കാന്‍ പറ്റാത്ത കാര്യമാണ്. മാത്രമല്ല വൈനില്‍ ആല്‍ക്കഹോള്‍ കലര്‍ത്തി പുറത്ത് കൊടുക്കുന്നതും ഉപയോഗിക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതും നിയമ വിരുദ്ധമാണ്. ഒരു പ്രമുഖ മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വീട്ടിൽ വെെൻ നിർമിച്ചാൽ എക്സെെസ് പിടിയിലാകുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് എക്സെെസ് കമ്മിഷണറുടെ പ്രതികരണം. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ് എത്തിച്ചുള്ള വ്യാജ വിദേശ മദ്യനിര്‍മാണം ആഘോഷാവസരങ്ങളില്‍ കൂടാറുണ്ടെന്നും എക്സെെസ് വിഭാഗം വ്യക്തമാക്കിയിരുന്നു. ഇതിനെ നേരിടാന്‍ അതിര്‍ത്തി ജില്ലകളില്‍ പ്രത്യേക നിരീക്ഷണം ഉണ്ടാകും. ഇതിനൊപ്പം കാടിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വാറ്റ് സംഘങ്ങളും സജീവമാകുന്നുണ്ട്. കുടാതെ അരിഷ്ടം അടക്കം ആയുര്‍വേദ മരുന്നെന്ന വ്യാജേനയും ലഹരി പ്രചരിപ്പിക്കാന്‍ ശ്രമമുണ്ട്.
ഇവയിലെല്ലാം ഫലപ്രദമായ നടപടിക്ക് ജില്ലാതലം മുതല്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് 24 മണിക്കൂര്‍ ജാഗ്രത പുലര്‍ത്താന്‍ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റെയ്ഡ് അടക്കം അടിയന്തര നടപടികള്‍ക്കായി ഓരോ ജില്ലയിലും സ്ട്രൈക്കിംഗ് ഫോഴ്സ് എന്ന പേരില്‍ മൂന്നോ നാലോ സംഘങ്ങളെ നിയോഗിക്കും. കൂടുതല്‍ ഫലപ്രദമായ വിവരശേഖരണത്തിനായി പൊലീസിലെ രഹസ്യാന്വേഷണ വിഭാഗവുമായി സമ്പര്‍ക്കത്തില്‍ തുടരാനും നിര്‍ദേശിച്ചിട്ടുണ്ട്.