ശബരിമല: ശ്രീകോവിലിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിയൽ പ്രചരിപ്പിക്കപ്പെട്ടതിനെത്തുടർന്ന് സന്നിധാനത്ത് പതിനെട്ടാം പടിക്ക് മുകളിൽ മൊബൈൽ ഫോൺ ഉപയോഗം ദേവസ്വം ബോർഡ് കർശനമായി നിരോധിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറങ്ങും.
നേരത്തെ തന്നെ സന്നിധാനത്ത് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ഇത് കർശനമാക്കിയിരുന്നില്ല. പ്രതിഷ്ഠയുടെ ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെട്ടതോടെയാണ് നിരോധനം കർശനമാക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.
ആദ്യഘട്ടത്തിൽ നിരോധനം ലംഘിക്കുന്നവരുടെ ഫോണുകൾ വാങ്ങി ചത്രങ്ങൾ ഡിലീറ്റ് ചെയ്ത് കളയും.അടുത്ത ഘട്ടത്തിൽ ഫോൺ പിടിച്ചെടുക്കുകയും, കേസെടുക്കുകയും ചെയ്യുന്ന നടപടികളിലേക്ക് നീങ്ങുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ശബരിമലയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്.