chidambaram

ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസിൽ മുന്‍ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിന് ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് അഡ്വ.എ ജയശങ്കർ. ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതിയുടെ നടപടി ചോദ്യം ചെയ്ത് ചിദംബരം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. കൂടാതെ കടുത്ത ഉപാധികളോടെയാണ് ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയെയും സി.ബി.ഐയെയും കുറിച്ചാണ് അഡ്വ.എ ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചത്.

"രാജകുടുംബാംഗം, ശതകോടീശ്വരൻ, ഹാർവാഡ് ബിരുദധാരി, സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ, മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി എന്നീ തൊങ്ങലുകളൊക്കെ ഉണ്ടായിട്ടും വീടിന്റെ മതിൽചാടി അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ സിബിഐക്കു ധൈര്യമുണ്ടായി. ജാമ്യം കിട്ടാൻ 106ദിവസം വേണ്ടിവന്നു. പച്ചമരത്തോട് ഇങ്ങനെയെങ്കിൽ ഉണങ്ങിയതിൻ്റെ അവസ്ഥ എന്താകും?"-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പളനിയപ്പൻ ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. അന്വേഷണവുമായി സഹകരിക്കണം, രാജ്യം വിട്ടുപോകരുത്, പരസ്യ പ്രസ്താവന നടത്തരുത് എന്നൊക്കെയാണ് വ്യവസ്ഥകൾ.

രാജകുടുംബാംഗം, ശതകോടീശ്വരൻ, ഹാർവാഡ് ബിരുദധാരി, സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ, മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി എന്നീ തൊങ്ങലുകളൊക്കെ ഉണ്ടായിട്ടും വീടിന്റെ മതിൽചാടി അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ സിബിഐക്കു ധൈര്യമുണ്ടായി. ജാമ്യം കിട്ടാൻ 106ദിവസം വേണ്ടിവന്നു.

പച്ചമരത്തോട് ഇങ്ങനെയെങ്കിൽ ഉണങ്ങിയതിൻ്റെ അവസ്ഥ എന്താകും?

ചിദംബരം ആഭ്യന്തരമന്ത്രി ആയിരുന്നപ്പോൾ, കൂട്ടിലടച്ച തത്തയായിരുന്നു സിബിഐ. അമിത് ഷായുടെ കീഴിൽ കൂടു തുറന്നു വിട്ട കടുവയാണ് സിബിഐ. ആൻ്റണിയും മൻമോഹൻ സിങ്ങുമൊഴിച്ച് സകല കോൺഗ്രസുകാരും ജാഗ്രത!