up-governor-

ലക്‌നൗ: ഉത്തർപ്രദേശ് ഗവർണർ പത്ത് ദിവസത്തിനകം ഒഴിഞ്ഞില്ലെങ്കിൽ രാജ് ഭവൻ ബോംബ് വച്ചു തകർക്കുമെന്ന് ഭീഷണി സന്ദേശം. ഗവർണർ ആനന്ദി ബെൻ പട്ടേലിനോട് രാജ്ഭവൻ ഒഴിഞ്ഞുപോകണമെന്നും അല്ലാത്തപക്ഷം കെട്ടിടം ബോംബ് വച്ചു തകർക്കുമെന്നാണ് ഭീഷണി. ജാർഖണ്ഡിലെ മാവോവാദി ഗ്രൂപ്പിന്റെ പേരിലുള്ള സന്ദേശം രാജ്ഭവൻ അധികൃതർക്കാണ് ലഭിച്ചത്. സംഭവത്തെ തുടർന്ന് ഹസ്രത്ത് ജംഗ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗവർണറും രാഷ്ട്രപതിയും അടക്കമുള്ളവരെ ഭീഷണിപ്പെടുത്തുന്നത് തടയുന്നതിനുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ അടക്കമുള്ളവ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

സംഭവം ആഭ്യന്തരമന്ത്രാലയം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ‌പൊലീസ്-രഹസ്യാന്വേഷണ ഏജൻസികളുടെ മേധാവികൾ സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ ഉടൻതന്നെ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന അഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ജാർഖണ്ഡിൽ സജീവമായി പ്രവർത്തിക്കുന്ന മാവോവാദി ഗ്രൂപ്പിന്റെ ഭാഗമായ ടി.എസ്.പി.സിയുടെ പേരിലാണ് സന്ദേശം. എന്നാൽ കത്ത് എവിടെ നിന്നാണ് അയച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഭീഷണി കണക്കിലെടുത്ത് ഗവർണർക്കും രാജ്ഭവന്റെയും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് സർക്കാർ വക്താവ് മാദ്ധ്യമങ്ങളോട് പറ‌ഞ്ഞു.