കോട്ടയം: എൻ.ഡി.എയുമായുള്ള ബന്ധം ജനപക്ഷം അവസാനിപ്പിക്കുകയാണെന്ന് പി.സി ജോർജ് എം.എൽ.എ പറഞ്ഞു. മോശം അനുഭവങ്ങളെ തുടർന്നാണ് എൻ.ഡി.എ വിടുന്നതെന്നും ഇക്കാര്യം നേരത്തെ അറിയിച്ചതാണെന്നും പി.സി ജോർജ് വ്യക്തമാക്കി. എൻ.ഡി.എ യോഗത്തിൽ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ ജോർജ് പറഞ്ഞിരുന്നു. പാലാ ഉപതിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ബി.ജെ.പിക്കെതിരെ കടുത്ത ആക്ഷേപങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരുന്നത്.
എൻ.ഡി.എ വിട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത ആരോപണങ്ങളും പി.സി ജോർജ് ഉന്നയിച്ചു. ഇന്ത്യ കണ്ട ഏറ്റവും മോശം പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്നും റിസർവ് ബാങ്ക് കൊള്ളയടിക്കുകയാണ് മോദി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ മോദിയെ വാനോളം പുകഴ്ത്തുന്ന നിലപാടായിരുന്നു പി.സി ജോർജിനുണ്ടായിരുന്നത്.
അതേസമയം, കേരളത്തിലെ നമ്പർ വൺ കേഡർ പാർട്ടിയാണ് ബി.ജെ.പി എന്നാണ് പി.സി ആരോപിക്കുന്നത്. ആരു ചോദിച്ചാലും താൻ ഇക്കാര്യം പറയും. നല്ല പ്രവർത്തകരാണ് ബി.ജെ.പിയുടേതെന്ന് പുകഴ്ത്തുന്ന പി.സി ജോർജ് എന്നാൽ നേതാക്കന്മാർക്ക് ജയിക്കണമെന്ന ആഗ്രഹം ഇല്ലെന്ന് പറയുന്നു. നേതാക്കന്മാരുടെ മനസു മാറാതെ ബി.ജെ.പിക്ക് രക്ഷയില്ല. വട്ടിയൂർക്കാവിൽ കുമ്മനത്തെ സ്ഥാനാർത്ഥിയാക്കാതിരുന്നതും, മഞ്ചേശ്വരത്ത് നിന്ന് മാറി കോന്നിയിൽ സുരേന്ദ്രനെ മത്സരിപ്പിച്ചതും തെറ്റായിരുന്നു എന്നും ജോർജ് വിലയിരുത്തുന്നു.