karnataka

ബംഗളൂരു: കർണാടകത്തിൽ ബി.എസ് യെദിയൂരപ്പയുടെ ബി. ജെ. പി സർക്കാരിന്റെ ഭാവി നിർണയിക്കുന്ന 15 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. വോട്ടെണ്ണൽ ഡിസംബർ 9നാണ്. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെ വാശിയേറിയ പ്രചാരണത്തിന് തിരശീല വീണു.

കോൺഗ്രസിലെ 13ഉം ജനതാദളിലെ മൂന്നും എം.എൽ.എമാരും ഒരു സ്വതന്ത്രനും പിന്തുണ പിൻവലിച്ചതോടെയാണ് കോൺഗ്രസ് - ദൾ സഖ്യസർക്കാർ വീണത്. കൂറുമാറിയവരെ സ്പീക്കർ അയോഗ്യരാക്കിയതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മൊത്തം 17 സീറ്റിൽ ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതാണ്. എന്നാൽ തിരഞ്ഞെടുപ്പ് ക്രമക്കേട് കാരണം രണ്ടിടത്ത് വോട്ടെടുപ്പ് മാറ്റിവച്ചു.

15 സീറ്റുകളിൽ ആറെണ്ണം ലഭിച്ചാലേ യെദിയൂരപ്പ സർക്കാരിന് ഭൂരിപക്ഷം ലഭിക്കൂ. 15 മണ്ഡലങ്ങളിൽ 12 എണ്ണം കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്. മൂന്നെണ്ണം ജെ.ഡി.എസിന്റേതും. 224 അംഗ സഭയിൽ വോട്ടെടുപ്പ് മാറ്റിയ രണ്ട് സീറ്റ് ഒഴിച്ചാൽ കേവലഭൂരിപക്ഷത്തിന് 112 സീറ്റ് വേണം. ബി. ജെ. പിക്ക് നിലവിൽ 105 അംഗങ്ങളും ഒരു സ്വതന്ത്രന്റെ പിന്തുണയുമാണുള്ളത്. ഉപതിരഞ്ഞെടുപ്പിൽ ആറ് സീറ്റ് കിട്ടിയാൽ ഭരണം നിലനിർത്താം.

കോൺഗ്രസിന് 67സീറ്റും ദളിന് 34 സീറ്റുമാണുള്ളത്. ഭൂരിപക്ഷത്തിന് പതിനൊന്ന് സീറ്റ് കൂടി വേണം. എന്നാൽ ബി. ജെ. പിയുമായി ചേരാൻ മടിയില്ലെന്ന് ദൾ നേതാവ് കുമാരസ്വാമി നേരത്തേ സൂചിപ്പിച്ചിരുന്നു.എങ്കിലും ബി. ജെ. പിയെ പുറത്തു നിറുത്തിയ മഹാരാഷ്ട്ര മോഡൽ ആവർത്തിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം ജെ.ഡി.എസുമായി ചർച്ചകൾക്ക് തയ്യാറായേക്കുമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ വീണ്ടുമൊരു കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാരിനുള്ള സാദ്ധ്യത മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ തള്ളി. കൂറുമാറിയെത്തിയ 13 എം.എൽ.എമാരെ തന്നെയാണ് അവരവരുടെ മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. കൂറുമാറ്റത്തിന് സ്പീക്കർ അയോഗ്യരാക്കിയ ഇവർക്ക് മത്സരിക്കാൻ തടസമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.