ആറ്റിങ്ങൽ: കടത്തുകാരന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ നദിക്കരയിൽ നിന്ന് കണ്ടെത്തി. മേൽകടയ്ക്കാവൂർ പഴഞ്ചിറ ചിറമൂല ലക്ഷ്മി വിളാകം വീട്ടിൽ താമസിക്കുന്ന പട്ടള സ്വദേശി സതീശന്റെ (56) മൃതദേഹമാണ് കണ്ടെത്തിയത്. ശരീരത്തിൽ മണൽ ചാക്ക് കെട്ടിവച്ച നിലയിൽ ഇന്നലെ രാവിലെ 8.30ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. സതീശൻ കടത്തു നടത്തിയിരുന്ന മുള്ളിയിൽ കടവിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. സതീശനെ കാണാനില്ലെന്നു കാട്ടി മൂന്നു ദിവസം മുൻപ് വീട്ടുകാർ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കടയ്ക്കാവൂർ സ്റ്റേഷൻ അതിർത്തിയിൽ താമസിക്കുന്നതിനാൽ പരാതി കടയ്ക്കാവൂർ സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. ഇയാളുടെ കടത്തു വള്ളം തകർന്ന നിലയിൽ നദിയിൽ ഒഴുകുന്നതു കണ്ട് സംശയം തോന്നിയ നാട്ടുകാർ വിവരം പൊലീസിന് കൈമാറിയിരുന്നു. പട്ടളയും അവനവഞ്ചേരിയും ബന്ധിപ്പിക്കുന്ന പഞ്ചായത്ത് കടത്താണിത്. കഴിഞ്ഞ 15 വർഷമായി സതീശൻ ഇവിടെ കടത്തുകാരനായി സേവനം നടത്തിവരികയായിരുന്നു. മൃതദേഹത്തിൽ മുറിവോ വസ്ത്രങ്ങൾക്ക് സ്ഥാന ചലനമോ ഇല്ലാത്തതിനാൽ ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. എന്നാൽ ശരീരത്തിൽ മണൽ ചാക്ക് കെട്ടിയിരുന്നതിനാലും കടത്തു വള്ളത്തിൽ ദ്വാരം കണ്ടെത്തിയിരുന്നതിനാലും സംഭവം കൊലപാതകമാകാം എന്ന സംശയവും പൊലീസിനുണ്ട്. ഏകദേശം ഒരു വർഷം മുൻപാണ് സതീശന്റെ മകളുടെ വിവാഹം കഴിഞ്ഞത്. വിവാഹ നടത്തിപ്പിനായി രണ്ടു ലക്ഷത്തിലധികം രൂപ കടമെടുത്തിരുന്നു. അത് വിട്ടാനാവാത്തതിലുള്ള മനോവിഷമം സുഹൃത്തുക്കളോട് സതീശൻ അടുത്തിടെ പങ്കു വച്ചിരുന്നു. ആറ്റിങ്ങൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം വീട്ടു വളപ്പിൽ സംസ്‌കരിച്ചു. ഭാര്യ: സിന്ധു. മക്കൾ: അഖില, കാർത്തി.