akhil1

കാട്ടാക്കട: ജമ്മു കാശ്മീരിലെ കുപ്‌‌വാര ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞുവീണ് പൂവച്ചൽ സ്വദേശി ഉൾപ്പെടെ നാലു സൈനികർ മരിച്ചു. കുഴക്കാട് കല്ലണമുഖം ശ്രീശൈലത്തിൽ സുദർശനന്റെയും സതികുമാരിയുടെയും മകൻ എസ്.എസ്.അഖിൽ (29) ആണ് കൂട്ടത്തിലെ മലയാളി. കരസേനയിൽ നായിക്ക് ആയ അഖിൽ നഴ്‌സിംഗ് അസിസ്റ്റന്റ് ആണ്. പതിനൊന്നു വർഷമായി സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നു. അഖിൽ അടങ്ങിയ നാലാംഗ യൂണിറ്റ് ചൊവ്വാഴ്ച തംഗ്ധർ സെക്ടറിൽ പട്രോളിംഗ് നടത്തുന്നതിനിടെ മഞ്ഞുമലയിടിഞ്ഞ് അപകടത്തിൽപ്പെടുകയായിരുന്നു. രക്ഷാദൗത്യത്തിന് എത്തിയ സംഘം ഇന്നലെയാണ് മഞ്ഞിനടിയിൽ നിന്ന് സൈനികരെ പുറത്തെടുത്തത്. അപ്പോഴേക്കും മൂന്നു പേർ മരണത്തിനു കീഴടങ്ങിയിരുന്നു. രക്ഷപ്പെടുത്തിയ ജവാന്റെ നില ഗുരുതരമാണ്.

മറ്റൊരു സൈനികൻ കൊല്ലപ്പെട്ടത് ഗുരെസ് സെക്ടറിലുണ്ടായ മഞ്ഞിടിച്ചിലിലാണ്. ഇവിടെ മറ്റൊരു സൈനികനെ രക്ഷപ്പെടുത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ശ്രീനഗറിലെ ബേസ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സൈനിക അന്തിമോപചാരത്തിനു ശേഷം മൃതദേഹങ്ങൾ വിമാനമാർഗം ഡൽഹിയിലെത്തിക്കും. അവിടെ നിന്ന് വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കുന്ന അഖിലിന്റെ മൃതദേഹം ജില്ലാ കളക്ടറും സർ‌ക്കാർ പ്രതിനിധികളും സൈനിക ഉദ്യോഗസ്ഥരും ചേർന്ന് ഏറ്റുവാങ്ങി പാങ്ങോട് മിലിട്ടറി ക്യാമ്പിലെത്തിച്ച ശേഷം വിലാപയാത്രയായി വീട്ടിലേക്ക് കൊണ്ടുപോകും. പൊതുജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നതിന് അഖിൽ പഠിച്ച നെടിയകുഴയ്ക്കാട് എൽ.പി.സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ഒൗദ്യോഗിക ബഹുമതികളേടെ വീട്ടുവളപ്പിൽ നടക്കും. കഴിഞ്ഞ ദിവസം അഖിൽ വീട്ടിലേക്ക് ഫോൺ ചെയ്തപ്പോൾ അതിശക്തമായ കാറ്റുണ്ടെന്നും കൊടുംതണുപ്പ് അനുഭവപ്പെടുന്നുണ്ടെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സൈനിക അധികൃതരിൽ നിന്ന് ബന്ധുക്കൾ ദുരന്തവാർത്ത അറിയുന്നത്. ഗീതുവാണ് ഭാര്യ. മകൻ ദേവരതിന്റെ ഒന്നാം പിറന്നാളിന് നാട്ടിലെത്തിയിരുന്ന അഖിൽ ഒക്ടോബറിലാണ് ജോലിസ്ഥലത്തേക്കു മടങ്ങിയത്. പിതാവ് സുദർശന കുമാർ കൂലിപ്പണിക്കാരനാണ്. സഹോദരൻ:എസ്.എസ്. അക്ഷയ് തിരുവനന്തപുരം എ.ആർ.ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനാണ്.