അബുദാബി: ഗൾഫ് മേഖലയിലെ ഏറ്റവും വലിയ വിമാനത്താവള ടെർമിനലുകളിൽ ഒന്നായ അബുദാബി മിഡ്ഫീൽഡ് ടെർമിനലിൽ ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റ് തുറക്കും. ടെർമിനലിലെ ഡ്യൂട്ടിഫ്രീയിൽ 25,000 ചതുരശ്ര അടി വിസ്‌തീർണമുള്ള സ്‌പെഷ്യലിസ്‌റ്ര് സ്‌റ്റോറും ഭക്ഷ്യേതര സ്‌റ്ററുമാണ് തുറക്കുന്നത്.
ഇതു സംബന്ധിച്ച കരാറിൽ ലുലു ഗ്രൂപ്പ് സി.ഇ.ഒ സൈഫി രൂപാവാല, അബുദാബി എയർപോർട്ട് കമ്പനി സി.ഇ.ഒ ബ്രയാൻ തോംസൺ എന്നിവർ ഒപ്പുവച്ചു. അബുദാബി എയർപോർട്ട് ചെയർമാൻ ഷെയ്‌ക് മുഹമ്മദ് ബിൻ ഹമദ് ബിൻ താനൂൺ അൽ നഹ്യാൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, എത്തിഹാദ് എയർവേസ് സി.ഇ.ഒ മൈക്കൽ ഡഗ്ളസ്, ലുലു അബുദാബി റീജിയണൽ ഡയറക്‌ടർ അബൂബക്കർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ദീർഘകാല റീട്ടെയിൽ തന്ത്രത്തിന്റെ നിർണായക ചുവടുവയ്‌പ്പാണ് ലുലു ഗ്രൂപ്പുമായുള്ള പങ്കാളിത്തമെന്ന് ഷെയ്‌ക് മുഹമ്മദ് ബിൻ ഹമദ് ബിൻ താനൂൺ അൽ നഹ്യാൻ പറഞ്ഞു. ലോകമെമ്പാടു നിന്ന് അബുദാബിയിൽ എത്തുന്ന ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് ലോകോത്തര ഷോപ്പിംഗ് അനുഭവം എയർപോർട്ട് ലുലുവിലൂടെ ലഭിക്കുമെന്ന് എം.എ. യൂസഫലി പറഞ്ഞു.
പ്രമുഖരായ അന്താരാഷ്‌ട്ര ആർക്കിടെക്‌റ്റുകളാണ് ലുലു സ്‌റ്റോറുകൾ രൂപകല്‌പന ചെയ്യുക. ആദ്യമായാണ് ഡ്യൂട്ടിഫ്രീക്കകത്ത് ഹൈപ്പർമാർക്കറ്റ് വരുന്നത്. മിഡിൽ ഈസ്‌റ്രിലെ ആദ്യ 5ജി നെറ്ര്‌വർക്കുള്ള ടെർമിനലാണിത്.