kevin-joseph

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളിലും മിശ്രവിവാഹിതർക്കായി സുരക്ഷിത ഭവനങ്ങൾ നിർമിക്കാനൊരുങ്ങി കേരള സർക്കാർ. കെവിൻ വധത്തിന് സമാനമായ ദുരഭിമാനക്കൊലകൾ കേരളത്തിൽ ആവർത്തിക്കാതിരിക്കാൻ വേണ്ടിയാണ് സർക്കാർ വ്യത്യസ്ത ജാതി, മതങ്ങവിഭാഗങ്ങളിൽ നിന്നുമുള്ള വിവാഹിതർക്കായി കേരളത്തിലുടനീളം സുരക്ഷിത ഭവനങ്ങൾ നിർമിക്കാൻ ഒരുങ്ങുന്നത്. പ്രായപൂർത്തിയായ യുവതീയുവാക്കൾ തമ്മിലുള്ള വിവാഹങ്ങളിൽ ഘാപ്പ് പഞ്ചായത്തുകൾ ഇടപെടാൻ പാടില്ലെന്നും ഇത്തരം ദമ്പതികൾക്കായി സംസ്ഥാന സർക്കാരുകൾ സുരക്ഷിത ഭവനങ്ങൾ നിർമ്മിക്കേണ്ടതാണ് എന്നുമുള്ള 2018ലെ സുപ്രീം കോടതി നിർദേശമാണ് കേരള സർക്കാർ നടപ്പാക്കുന്നത്.

കോട്ടയത്തെ ദുരഭിമാന കൊലയുടെ ഇരയായ കെവിൻ കൊല്ലപ്പെട്ട്‌ ഒരു വർഷം കഴിഞ്ഞ വേളയിലാണ് സർക്കാർ ഈ പദ്ധതി നടപ്പാക്കാൻ ആലോചിക്കുന്നത്. ഇത്തരത്തിലുള്ള സുരക്ഷിത ഭവനങ്ങൾ നോക്കി നടത്തുന്നതിനായി സാമൂഹിക സേവന വകുപ്പ് തത്പര സംഘടനകളിൽ നിന്നും അപേക്ഷകളും ക്ഷണിച്ചിട്ടുണ്ട്. ഭീഷണികൾ നേരിടുന്ന മിശ്ര വിവാഹിതരിൽ നിന്നുമുള്ള പരാതികൾ സ്വീകരിക്കുന്നതിനും അതിന്മേൽ നടപടികൾ എടുക്കുന്നതിനും ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസർ, സൂപ്രണ്ട് ഒഫ് പൊലീസ്, പട്ടിക ജാതി/ പട്ടിക വർഗ ഉദ്യോഗസ്ഥൻ എന്നിവർ ഉൾപ്പെട്ട സ്‌പെഷ്യൽ സെല്ലും സർക്കാർ രുപീകരിക്കും. സമൂഹത്തിൽ നിന്നും സ്വകുടുംബത്തിൽ നിന്നും ഇവർ നേരിടുന്ന ഭീഷണികളെ കുറിച്ചുള്ള പരാതികളെയാണ് സ്പെഷ്യൽ സെൽ പരിഗണിക്കുക.

ഭീഷണി നേരിടുന്ന ദമ്പതികൾക്ക് സുരക്ഷിത ഭവനങ്ങളിൽ അഭയം നൽകാനായി ശുപാർശ ചെയ്യാൻ സ്പെഷ്യൽ സെല്ലിന് അധികാരമുണ്ടാകും. ഇതുകൂടാതെ 24 മണിക്കൂർ ഹെൽപ്പ് ലൈനും സെല്ലിൽ ആരംഭിക്കും. മിശ്രവിവാഹിതർക്ക് ഒരു വർഷം വരെയാണ് സുരക്ഷിത ഭവനങ്ങളിൽ താമസിക്കാൻ സാധിക്കുക. ഇതിനുശേഷവും അഭയം ആവശ്യമുണ്ടെങ്കിൽ ദമ്പതിമാർക്ക് അപേക്ഷയുമായി വീണ്ടും സ്പെഷ്യൽ സെല്ലിനെ സമീപിക്കാവുന്നതാണ്. ഒരു ലക്ഷം രൂപയ്ക്ക് താഴെ വരുമാനമുള്ളവർക്ക് 30,000 രൂപവരെ ഇവർക്ക് ധനസഹായവും സർക്കാർ നൽകും. ദമ്പതികൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി ഈ തുക 50, 000 ആയി വർദ്ധിപ്പിക്കാനും സർക്കാർ ആലോചിക്കുന്നു. സുപ്രീം കോടതി വിധിക്ക് പിന്നാലെ കേന്ദ്ര സർക്കാരും മിശ്രവിവാഹിതർക്ക് സുരക്ഷിത ഭവനങ്ങൾ നിർമിക്കണമെന്ന നിർദ്ദേശം നൽകിയിരുന്നു.