nirbhaya-case-

ന്യൂഡൽഹി: നിർഭയ കൂട്ടബലാത്സംഗക്കേസിൽ പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ ആരാച്ചാരായി തന്നെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത്. സിംല സ്വദേശിയായ രവികുമാർ എന്നയാളാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

തന്നെ തിഹാർ ജയിലിലെ താത്കാലിക ആരാച്ചാരായി നിയമിച്ചാൽ നിർഭയ കേസിലെ പ്രതികളെ ഉടൻതന്നെ തൂക്കിക്കൊല്ലാമെന്നും കത്തിൽപറയുന്നു.

ഒരു മാസത്തിനുള്ളിൽ തന്നെ വധശിക്ഷ നടപ്പിലാക്കേണ്ടി വരുമെന്നാണ് ജയിൽ അധികൃതരുടെ കണക്കുകൂട്ടൽ. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറ്റവാളികൾ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നൽകിയ അപ്പീൽ തള്ളിയിരുന്നു. ഇനി രാഷ്ട്രപതിക്കു ഹർജി നൽകുക എന്ന മാർഗം മാത്രമാണു മുന്നിലുള്ളത്. എന്നാൽ പ്രതികളിൽ വിനയ് ശർമ്മ മാത്രമാണ് രാഷ്ട്രപതിക്കു ദയാഹർജി നൽകാൻ തയ്യാറായത്. വിനയ് ശർമ്മയുടെ ദയാഹർജി തള്ളണമെന്നു ഡൽഹി സർക്കാർ ആഭ്യന്തര മന്ത്രാലയത്തോട് ശക്തമായി ശുപാർശ ചെയ്തിരുന്നു.