nithyananda

ഖ്വയിറ്റോ: ഇന്ത്യയിൽ നിന്നു മുങ്ങി ലാറ്രിൻ അമേരിക്കൻ 'കൈലാസ'ത്തിൽ പൊങ്ങി വിവാദസ്വാമി നിത്യാനന്ദ. ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം മദ്ധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപമുള്ള ദ്വീപുകളിലൊന്ന് നിത്യാനന്ദ വാങ്ങിക്കഴിഞ്ഞു. 'കൈലാസ' എന്നു പേരിട്ട ഈ ദ്വീപിനായി,​ ലോകത്തെ ഏറ്റവും വലിയ ഹിന്ദു രാഷ്ട്രത്തിലേക്കു സ്വാഗതമെന്നു പറഞ്ഞ് ‘ഭക്തരിൽ’ നിന്ന് സംഭാവനയും സ്വീകരിക്കുന്നുണ്ട്.

സൗജന്യ ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങി ഗുരുകുല സമ്പ്രദായം വരെയായി കൈലാസ എന്നു പേരിട്ട ഈ ദ്വീപുരാഷ്‌ട്രത്തിന്റെ വിശദവിവരങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെയും, രാജ്യത്തിനായുള്ള പ്രത്യേക വെബ്സൈറ്റിലൂടെയും നിത്യാനന്ദ പുറത്തുവിട്ടു. സ്വന്തമായി പാസ്‌പോർട്ട്, പതാക എന്നിവയും ദേശീയചിഹ്നവുമുണ്ട് കൈലാസയ്ക്ക്. ലക്ഷ്യമിടുന്നത് ലോകമെമ്പാടുമുള്ള ഹിന്ദുക്കളെയാണ്, അതും സ്വന്തം രാജ്യത്ത് ഹിന്ദുമത പ്രകാരം ജീവിക്കാനുള്ള ‘അവകാശങ്ങൾ’ നഷ്ടപ്പെട്ടവരെ.

ജാതി, ലിംഗം, പ്രദേശം, വിഭാഗം ഇങ്ങനെ ഒന്നിന്റെയും തരംതിരിവില്ലാതെ കൈലാസത്തിലേക്കു സ്വാഗതമെന്നും https://kailaasa.org എന്ന വെബ്സൈറ്റിൽ പറയുന്നു. ക്ഷേത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ജീവിത വ്യവസ്ഥയായിരിക്കും ഇവിടെ. ഈ ദ്വീപ രാഷ്ട്രത്തിന് പ്രത്യേക സർക്കാരുമുണ്ടാകും. ആഭ്യന്തര സുരക്ഷ, പ്രതിരോധം, സാങ്കേതികം, ധനകാര്യം, വാണിജ്യം, ഭവനകാര്യം, മനുഷ്യസേവനം, വിദ്യാഭ്യാസം തുടങ്ങി പല വകുപ്പുകളുമുണ്ട്. ചിലതിന്റെ തലപ്പത്ത് നിത്യാനന്ദ തന്നെയാണ്. ഇംഗ്ലീഷും സംസ്കൃതവും തമിഴുമായിരിക്കും രാജ്യത്തെ ഭാഷകൾ.

സനാതന ധർമത്തെ അടിസ്ഥാനമാക്കിയാണ് ഭരണഘടന. പരമശിവൻ, പരാശക്തി, നന്ദി എന്നിവയാണ് രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങൾ. ഇതോടൊപ്പം നിത്യാനന്ദ പരമശിവം എന്ന പേരും ചിഹ്നമായി വെബ്സൈറ്റിൽ ചേർത്തിട്ടുണ്ട്. ഈ ചിഹ്നങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് കടും ചുവപ്പ് നിറത്തിൽ പതാകയും തയാറാക്കിയിരിക്കുന്നത്. നിരവധി കേസുകളിൽ പ്രതിയായ നിത്യാനന്ദ പെൺകുട്ടികളെ ആശ്രമത്തിൽ തടഞ്ഞുവച്ച കേസിനാണ് രാജ്യം വിട്ടത്. എന്നാൽ നിത്യാനന്ദ രാജ്യം വിട്ടെന്ന കാര്യം വിദേശകാര്യ മന്ത്രാലയം നിഷേധിച്ചിട്ടുണ്ട്.

ഇപ്പോഴും സമൂഹമാദ്ധ്യമങ്ങളിലൂടെ ദിവസവും നിത്യാനന്ദയുടെ പ്രഭാഷണങ്ങൾ ലഭ്യമാണ്. എന്നാൽ ഇയാൾ എവിടെയാണെന്ന കാര്യവും ദ്വീപിന്റെ യഥാർത്ഥ സ്ഥാനവും അജ്ഞാതമാണ്. ട്രിനിഡാഡ് ആൻഡ് ടുബാഗോയ്ക്കു സമീപമായിരിക്കും കൈലാസമെന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.